കേരളം
ശബരിമലയില്‍ കര്‍ശന സുരക്ഷ, തീര്‍ത്ഥാടനകാലം അഞ്ചു ഘട്ടങ്ങളായി തിരിക്കും
ശബരിമലയില്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും മണ്ഡലകാലത്ത് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും. സനിധാനത്തും പമ്പയിലും നിലയ്ക്കലും പൊലീസ് കണ്‍ട്രോളര്‍മാരെ നിയോഗിക്കും.
ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിനാണ് സുരക്ഷാ കാര്യങ്ങള്‍ മേല്‍നോട്ടം വഹിക്കുന്നതിനുള്ള ചീഫ് പൊലീസ് കോര്‍ഡിനേറ്ററിന്റെ ചുമതല. ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരി ജോയിന്റ് പൊലീസ് കോര്‍ഡിനേറ്റര്‍ ചുമതല വഹിക്കും. ആദ്യ ഘട്ടത്തില്‍ കൊല്ലം ക്രൈംബ്രാഞ്ച് എസ്പി പ്രേംകുമാറിനാണ് സന്നിധാനത്തിന്റെ സുരക്ഷാ ചുമതല.
ഈ മാസം 15നാണ് മണ്ഡലകാലം ആരംഭിക്കുന്നത്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷവും ശബരിമലയില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.സമാനമായ നിലയില്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന പൊലീസിന്റെ ആവശ്യം ആഭ്യന്തര വകുപ്പ് അംഗീകരിക്കുകയായിരുന്നു. ഇതനസരിച്ച് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെ നിശ്ചയിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.
തീര്‍ത്ഥാടനകാലം അഞ്ചുഘട്ടങ്ങളായി തിരിച്ചാണ് സുരക്ഷ ഏര്‍പ്പെടുത്തുക. കഴിഞ്ഞ തവണത്തെ പോലെ കര്‍ശന പരിശോധനയോട് കൂടി മാത്രമേ തീര്‍ത്ഥാടകരെ കടത്തിവിടുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.