കേരളം
ശബരിമലയിൽ ഇന്ന് മണ്ഡലപൂജ
ശബരിമലയിൽ ഇന്ന് മണ്ഡലപൂജ. ദർശനപുണ്യത്തിനായി ആയിരക്കണക്കിന് അയ്യപ്പ തീർത്ഥാടകരാണ് ശബരിമലയിൽ എത്തിയിരിക്കുന്നത്. ഇന്നലെയാണ് തങ്കഅങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ശബരിമലയിൽ എത്തിയത്.
ഇന്ന് ഉച്ചയ്ക്ക് 11.50-നും 1.15നും മധ്യേയുള്ള മുഹൂർത്തത്തിൽ തങ്ക അങ്കി ചാർത്തി മണ്ഡല പൂജ നടക്കും. ശേഷം നടയടയ്ക്കും. വൈകീട്ട് നാലിന് നട തുറക്കും. 6.30-ന് ദീപാരാധന. തുടർന്ന് പടിപൂജ. അത്താഴ പൂജയ്ക്ക് ശേഷം രാത്രി 9.50ന് ഹരിവരാസനം പാടി 10ന് നട അടയ്ക്കും. ഇതോടെ 41 ദിവസം നീണ്ടു നിന്ന ശബരിമല മണ്ഡലകാല ഉത്സവ തീർഥാടനത്തിന് സമാപനമാകും. മകരവിളക്ക് ഉത്സവത്തിനായി ഈ മാസം 30ന് വൈകീട്ട് അഞ്ചിന് ക്ഷേത്രനട തുറക്കും.
മണ്ഡല പൂജയ്ക്ക് അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് പമ്പയിൽ എത്തിച്ചേർന്നത്. വൈകീട്ട് മൂന്നിന് സന്നിധാനത്തേക്ക് തിരിച്ച തങ്ക അങ്കി ഘോഷയാത്രയ്ക്ക് അഞ്ചിന് ശരംകുത്തിയിൽ ആചാരപ്രകാരം സ്വീകരണം നൽകി.
പതിനെട്ടാംപടി കയറി കൊടിമരത്തിനു മുന്നിലെത്തിയ തങ്ക അങ്കി ഘോഷയാത്രയെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപനും ദേവസ്വം ബോർഡ് അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. സോപാനത്ത് തന്ത്രിയും മേൽശാന്തിയും ചേർന്ന് തങ്കയങ്കി ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി. തുടർന്ന് 6.30നായിരുന്നു ദീപാരാധന.