കേരളം
ശബരിമല പ്രത്യേക സുരക്ഷാമേഖലയായി തുടരും
ഒരു വർഷത്തേക്ക് കൂടി ശബരിമലയെയും പരിസര പ്രദേശങ്ങളയും പ്രത്യേക സുരക്ഷാമേഖലയായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ശബരിമലയില്‍ മുൻവര്‍ഷങ്ങളിൽ ഉണ്ടായിരുന്ന സുരക്ഷാ പ്രശ്നം ഇപ്പോഴും നിലനില്‍ക്കുന്നതായി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് അറിയിച്ചു. ഇത് കണക്കിലെടുത്താണ് ശബരിമല പരിസര പ്രദേശങ്ങളെ പ്രത്യേക സുരക്ഷ ആവശ്യമുള്ള മേഖലയാക്കി തന്നെ നിലനിർത്തിയത്.
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ കേരളത്തിൽ വലിയ പ്രക്ഷോഭമാണ് ഉണ്ടായത്. കോടതി ഉത്തരവുണ്ടെങ്കിലും സ്ത്രീകളെ പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഒരു വിഭാഗം നിലപാടെടുത്തതോടെ ക്ഷേത്ര പരിസരവും സംഘർഷ ഭരിതമായി. ഇതേ തുടർന്ന് 2018 ലാണ് ശബരിമലയെ പ്രത്യേക സുരക്ഷാ മേഖലയാക്കിയത്. ഇലവുങ്കല്‍ മുതല്‍ കുന്നാര്‍ഡാം വരെയുള്ള സ്ഥലമാണ് പ്രത്യേക സുരക്ഷാ മേഖലയിൽ ഉൾപ്പെടുന്നത്.
കൊവിഡ് സാഹചര്യത്തില്‍ ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഡിജിപി അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിർദ്ദേശങ്ങൾ അനുസരിച്ചാണ് ജനങ്ങളെ കടത്തിവിടുന്നത്. ചിത്തിര ആട്ട വിശേഷ പൂജകൾക്കായി ശബരിമല തുറന്നപ്പോൾ വൻ ഭക്തജന പ്രവാഹമാണുണ്ടായത്. വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് ശബരിമല ദർശനത്തിനായെത്തുന്ന അയ്യപ്പഭക്തർക്ക് കൊവിഡ് പ്രതിരോധ വാക്സീൻ രണ്ട് ഡോസ് സർട്ടിഫിക്കറ്റ് അതല്ലെങ്കിൽ 72 മണിക്കൂറിലെടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.