കേരളം
ശബരിമല വിമാനത്താവളം: സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ട് വിലയിരുത്തി ശുപാർശ നൽകാൻ ഏഴ് അംഗ വിദഗ്ധ സമിതി
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ട് വിലയിരുത്തി ശുപാർശ സമർപ്പിക്കുന്നതിന് വിദഗ്ധ സമിതിയെ രൂപീകരിച്ച് റവന്യൂ വകുപ്പിന്റെ ഉത്തരവ്. രണ്ട് സോഷ്യൽ സെയന്റിസ്റ്റുകളും രണ്ട് പുനരധിവാസ വിദഗ്ധരും ഉൾപ്പെടെ ഏഴ് അംഗങ്ങളാണ് സമിതിയിലുള്ളത്.
എം.ജി സർവകാലാശാലയിലെ സ്കൂൾ ഓഫ് ഇൻറർ നാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് വിഭാഗത്തിലെ അസി. പ്രഫ. ഡോ. എം.വി ബിജുലാൽ ആണ് വിദഗ്ധ സമിതിയുടെ ചെയർമാൻ. സോഷ്യൽ സയന്റിസ്റ്റായ കോട്ടയം സി.എം.എസ് കോളജിലെ അസി. പ്രഫ. ഡോ. സിബിൻ മാത്യു മേടയിൽ, പുനരധിവാസ വിദഗ്ധന്മാരായ എം.ജി സർവാകലാശാലയിലെ സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസിലെ അസോസിയേറ്റ് പ്രഫ. ഡോ. ബിജു ലക്ഷ്മണൻ, കോട്ടയം സി.എം.എസ് കോളജിലെ അസി. പ്രഫ. ഡോ. പി. ഷഹവാസ് ഷെറീഫ്, മണിമല ഗ്രാമപഞ്ചായത്ത് അംഗം റോസമ്മ ജോൺ, എരുമേലി ഗ്രാമപഞ്ചായത്ത് അംഗം അനുശ്രീ സാബു, സാങ്കേതിക വിദഗ്ധനായ കിയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ കെ. പി ജോസ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
വിദഗ്ധ സമിതി അംഗങ്ങൾ സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ട് നിയമപ്രകാരം വിലയിരുത്തണം. രണ്ട ശുപാർശ മാസത്തിനകം സമർപ്പിക്കണമെന്നാണ് ഉത്തരവ്. വിമാനത്താവള പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രത്യാഘാത പഠന അന്തിമ റിപ്പോർട്ട് പരിശോധിച്ച് ശുപാർശ സമർപ്പിക്കുന്നതിനായി 2013-ലെ എൽ. എ.ആർ.ആർ നിയമത്തിലെ ഉപ വകുപ്പ് (ഒന്ന്) സെക്ഷൻ ഏഴു പ്രകാരം അംഗങ്ങളെ നിശ്ചയിച്ചത്.