കേരളം
സഞ്ജിത്ത് വധക്കേസ്; കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാൾ പിടിയിൽ
പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട കേസിൽ ഒരാൾ കൂടി പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അത്തിക്കോട് സ്വദേശിയാണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരാണ് കേസില്‍ ഇതുവരെ പിടിയിലായത്.
എസ്ഡിപിഐ മുതലമട പഞ്ചായത്ത് സെക്രട്ടറി നസീർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കൃത്യം നടത്താൻ പ്രതികൾക്ക് വാഹനം എത്തിച്ചു നൽകിയത് നസീറാണെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിനായി വാഹനം എത്തിച്ചു നൽകിയതിന് പുറമേ ഗൂഡാലോചനയിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കാറിന്റെ വ്യാജ നമ്പർ പ്ലെയിറ്റൊരുക്കിയതും നസീറാണ്. കൊലപാതകത്തിന് ശേഷം വാഹനം പൊള്ളാച്ചിയിൽ എത്തിച്ച് പൊളിക്കാൻ കൊടുത്തു. പോലീസ് തിരയുന്നുണ്ടെന്ന് മനസ്സിലാക്കിയ നസീർ ഒളിവിൽ പോയി. ഇയാളെ കൊല്ലങ്ങോട് നിന്നാണ് അറസ്റ്റ് ചെയ്തത്. കേസിൽ നാല് പേരാണ് ഇത് വരെ പിടിയിലായിരിക്കുന്നത്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുൽസലാം, പ്രതികളെ രക്ഷപെടാൻ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാർ, കൊല്ലങ്കോട് സ്വദേശി ഷാജഹാന്‍ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. കൊഴിഞ്ഞാമ്പാറ സ്വദേശി ഹാറൂൺ, ആലത്തൂർ സ്വദേശി നൗഫൽ, മലപ്പുറം സ്വദേശി ഇബ്രാഹിം, അമ്പലപ്പാറ സ്വദേശി ഷംസീർ എന്നിവർക്കായാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസും ഇറക്കിയിരിന്നു. ഇവർ നാല് പേരും എസ്ഡിപിഐ – പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. കഴിഞ്ഞമാസം പതിനഞ്ചിന് പട്ടാപ്പകൽ ഭാര്യയുടെ മുന്നിലിട്ടാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത്.