ദേശീയം
റിപ്പബ്ലിക് ടി.വി ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു
റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബയ് പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലെത്തിയാണ് അദ്ദേഹത്തെ മുംബയ് പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തത്. അര്‍ണാബിന്റെ ചാനലായ റിപ്പബ്ലിക് ചാനല്‍ തന്നെ അറസ്റ്റ് വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
അര്‍ണാബിന് എതിരായ ആത്മഹത്യ പ്രേരണ കേസിലാണ് ഇപ്പോള്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച രാവിലെ 8 മണിയോടെ കേസില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അര്‍ണാബ് നിസഹകരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
2018ല്‍ ഒരു ഇന്റീരിയര്‍ ഡിസൈനറായ വ്യക്തിയും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അര്‍ണാബ് ഗോസ്വാമിയ്ക്കെതിരെ കേസെടുത്തിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോള്‍ അര്‍ണാബിനെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം. നേരത്തെ ഈ കേസ് അര്‍ണാബിന് എതിരെ തെളിവുകളില്ലെന്ന് കാണിച്ച് അന്നത്തെ ബി.ജെ.പി സര്‍ക്കാര്‍ തള്ളിയിരുന്നു. പിന്നീട് കഴിഞ്ഞ മെയ് മാസത്തില്‍ കേസ് പുനരന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.
എന്നാൽ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത് നേരത്തെ അവസാനിച്ച കേസിലാണെന്നും റിപോർട്ടുകൾ പുറത്തു വരുന്നു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് ഈ അറസ്റ്റ് എന്നാണ് പൊതുവെ രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. സമൻസോ അറസ്റ്റു വാറന്റോ തനിക്ക് ലഭിച്ചിട്ടില്ലെന്ന് അർണാബ് പറഞ്ഞു. കൂടാതെ മുംബൈ പോലീസ് തന്നെ കയ്യേറ്റം ചെയ്തതായും അർണാബ് പറഞ്ഞു.