ദേശീയം
റെനില്‍ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്തു; ശ്രീലങ്കയില്‍ പുതിയ മന്ത്രിസഭ
ആഭ്യന്തര കലാപം തുടരുന്ന ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രിയായി റെനില്‍ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്തു. പതിനഞ്ചംഗ മന്ത്രിസഭ നാളെ നിലവില്‍ വരും. 73കാരനായ വിക്രമസിംഗെ ആറാം തവണയാണ് ശ്രീലങ്കയുടെ പ്രധാനമന്ത്രിയാകുന്നത്. സമവായ നീക്കത്തിന്റെ ഭാഗമായാണ് സിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കിയത്. വിക്രമസിംഗെയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭാ രൂപീകരണത്തിന് പ്രതിപക്ഷവും ഭരണപക്ഷവും പിന്തുണ നല്‍കിയിട്ടുണ്ട്.
ബുധാനാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് ഗോതബായ രജപക്‌സെ സ്ഥാനത്ത് നിന്ന് ഒഴിയാന്‍ വിസ്സമതിച്ചു. പകരം പുതിയ പ്രധാനമന്ത്രിയെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 73കാരനായ റെനില്‍ വിക്രമസിംഗെയെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്. യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ നേതാവാണ് വിക്രമസിംഗെ. 225 അംഗ പാര്‍ലമെന്റില്‍ വിക്രമസിംഗെയാണ് യുഎന്‍പിയുടെ ഏക അംഗം.
അതേസമയം, പ്രക്ഷോഭകാരികളെ ഭയന്ന് ഒഴിവില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജ്യം വിടുന്നത് ശ്രീലങ്കന്‍ സുപ്രീംകോടതി വിലക്കി. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് എതിരെ സൈന്യത്തെയും പാര്‍ട്ടിയേയും ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു എന്ന കേസിലാണ് രജപക്‌സെ രാജ്യം വിടുന്നത് സുപ്രീംകോടതി വിലക്കിയത്.
മഹിന്ദ രജപക്‌സൈയുടെ വസതി പ്രക്ഷോഭകാരികള്‍ അഗ്‌നിക്കിരയാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് സൈന്യം ഇദ്ദേഹത്തെ നാവികസേനാ താവളത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെനിന്ന് രക്ഷപ്പെടാതിരിക്കാന്‍ പ്രക്ഷോഭകാരികള്‍ താവളം വളഞ്ഞിരിക്കുകകയാണ്.