ദേശീയം
താലി അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിനെ പീഡിപ്പിക്കുന്നതിന് തുല്യം; വിവാഹം മോചനത്തിന് കാരണമാകാമെന്ന് ഹൈക്കോടതി
താലി അഴിച്ചു മാറ്റുന്നത് ഭര്‍ത്താവിനെ മാനസികമായി പീഡിപ്പിക്കുന്നതിനു തുല്യമാണെന്നു ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി വിവാഹമോചനം അനുവദിച്ചു. ജസ്റ്റിസ് വിഎം വേലുമണി. എസ് സൗന്ദര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റെതാണ് വിധി. ഈറോഡ് മെഡിക്കല്‍ കോളജിലെ പ്രഫസര്‍ സി ശിവകുമാറിനു വിവാഹമോചനം അനുവദിച്ചു കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. കുടുംബകോടതി വിവാഹമോചനം നിഷേധിച്ചതിനെ ചോദ്യം ചെയ്ത് ശിവകുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് വിധി.
ഭര്‍ത്താവുമായി അകന്നു കഴിഞ്ഞപ്പോള്‍ താലി ചെയിന്‍ അഴിച്ചു മാറ്റിയിരുന്നുവെന്നു ശിവകുമാറിന്റെ ഭാര്യ കോടതിയില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ചെയിന്‍ മാത്രമാണ് മാറ്റിയതെന്നും താലി അഴിച്ചുമാറ്റിയില്ലെന്നും യുവതി വിശദീരിച്ചു. ഹിന്ദു വിവാഹനിയമപ്രകാരം താലി കെട്ടുക നിര്‍ബന്ധമല്ലെന്നും താലി അഴിച്ചുമാറ്റി എന്ന ശിവകുമാറിന്റെ വാദം ശരിയാണെങ്കില്‍ത്തന്നെ വിവാഹ ബന്ധത്തെ ബാധിക്കില്ലെന്നും യുവതിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കോടതി ഈ വാദം അംഗീകരിച്ചില്ല. ഭര്‍ത്താവ് ജീവിച്ചിരിക്കേ ഹിന്ദു സ്ത്രീകള്‍ താലി അഴിച്ചു മാറ്റില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും കോടതി പറഞ്ഞു.
വിവാഹ ചടങ്ങുകളിലെ ഒഴിവാക്കാന്‍ കഴിയാത്ത ആചാരമാണ് താലികെട്ട്. ഭര്‍ത്താവിന്റെ മരണശേഷമാണു താലി നീക്കം ചെയ്യുന്നത്. അതിനാല്‍ തന്നെ ജീവിച്ചിരിക്കെ താലി നീക്കം ചെയ്യുന്നത് ക്രൂരതയാണെന്നും കോടതി പറഞ്ഞു. വിവാഹബന്ധം അവസാനിപ്പിക്കാന്‍ താലി നീക്കം ചെയ്താല്‍ മതിയെന്നല്ല പറയുന്നത്. പക്ഷേ പ്രവൃത്തി അവരുടെ ഉദ്ദേശ്യം എന്തെന്ന് തെളിയിക്കുന്നതാണെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാണ്ടി.
2011 മുതല്‍ ദമ്പതികള്‍ അകന്നു കഴിയുകയാണെന്നും ഇന്നേ വരെ അനുരഞ്ജനത്തിനുള്ള യാതൊരു ശ്രമവും യുവതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും കോടതി പറഞ്ഞു. ശിവകുമാറിനെതിരെ പരസ്ത്രീ ബന്ധം യുവതി ആരോപിച്ചിരുന്നു. പരസ്യമായി പരാതിക്കാരനെ ആക്ഷേപിക്കാന്‍ ശ്രമമുണ്ടായി. യുവതിയുടെ ചെയ്തികള്‍ എല്ലാം തന്നെ പരാതിക്കാരനെ അങ്ങേയേറ്റം അവഹേളിക്കുന്നതും മാനസികമായി അങ്ങേയറ്റം വേദനിപ്പിക്കുന്നതുമാണ്. ഈ കാരണങ്ങളാല്‍ വിവാഹമോചനം അനുവദിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.