കേരളം
കെ സുധാകരനെതിരായ പരാമർശം: എം.വി ഗോവിന്ദനെതിരെ ഡിജിപിക്ക് പരാതി
കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരായ പരാമർശത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ ഡിജിപിക്ക് പരാതി. പോക്സോ കേസിൽ സുധാകരനെതിരെ മൊഴിയുണ്ടെന്ന പ്രസ്താവന കലാപാഹ്വാനമാണെന്നും ഗോവിന്ദനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നുമാണ് ആവശ്യം. പൊതുപ്രവർത്തകൻ പായിച്ചിറ നവാസാണ് പരാതി നൽകിയത്. കേസിൽ മാധ്യമപ്രവർത്തകരെ സാക്ഷികളാക്കണമെന്നും ആവശ്യപ്പെടുന്നു.
നേരത്തെ മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പോക്സോ കേസിൽ കെ സുധാകരനെതിരെ എം.വി ഗോവിന്ദൻ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മോൻസൺ മാവുങ്കൽ തന്നെ പീഡിപ്പിക്കുമ്പോൾ കെ സുധാകരൻ അവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത മൊഴി നൽകിയിട്ടുണ്ട്. പീഡനവിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടില്ലെന്ന് മൊഴിയിലുണ്ടെന്നും ഗോവിന്ദൻ വ്യക്തമാക്കി. പോക്സോ കേസിൽ സുധാകരന്റെ മൊഴിയെടുക്കുമെന്ന തരത്തിൽ വാർത്ത വന്നെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു എം വി ഗോവിന്ദന്റെ ആരോപണം.
എന്നാൽ പോക്സോ കേസിൽ അതിജീവിത നൽകിയ രഹസ്യമൊഴി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് എങ്ങനെ അറിഞ്ഞുവെന്ന് കെ സുധാകരൻ തിരിച്ചു ചോദിച്ചു. അതിജീവിതയായ കുട്ടി അത്തരത്തിലുള്ള പരാമര്‍ശം നടത്തിയിട്ടില്ല എന്നാണ് പോക്സോ കേസ് നടത്തിയ അഭിഭാഷകന് മാധ്യമങ്ങളോട് പറഞ്ഞത്. ആര് പറഞ്ഞതാണ് വിശ്വസിക്കേണ്ടത്? പരാതി കൊടുത്തവരില്‍ ആര്‍ക്കും താനുമായി നേരിട്ട് ബന്ധമില്ല. തന്നെ പ്രതിയാക്കുന്നതിന് പിന്നിൽ സിപിഐഎം ആണെന്നും സിപിഐഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ക്ക് ഈ പറയുന്ന ചെറുപ്പക്കാരുമായി അഭേദ്യമായ ബന്ധമുണ്ടെന്നും സുധാകരൻ ആരോപിച്ചു.