കേരളം
സംസ്ഥാനത്തിന് ആശ്വാസം; കോവിഡ് പോസിറ്റിവിറ്റി നിരക്ക് താഴേക്ക്
സംസ്ഥാനത്തെ 13 ജില്ലയില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്കില്‍ ഗണ്യമായ കുറവ്. ഒക്ടോബറില്‍ 15.9 ശതമാനംവരെ എത്തിയ പോസിറ്റിവിറ്റി നിരക്ക് നവംബര്‍ ആദ്യവാരമായപ്പോഴേക്കും 11.4 ശതമാനത്തിലെത്തി. ആരോഗ്യവകുപ്പിന്റെ നവംബര്‍ ആദ്യ ആഴ്ചയിലെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ആശ്വാസം നല്‍കുന്നതാണ് പുതിയ കണക്ക്. ഇടുക്കിയില്‍മാത്രമാണ് നവംബറില്‍ വര്‍ധന. ഒക്ടോബര്‍ അവസാനം 5.95 ആയിരുന്ന ജില്ലയിലെ പോസിറ്റിവിറ്റി നിരക്ക് നവംബര്‍ ആദ്യം 7.5 ആയി. കൂടുതല്‍ പോസിറ്റിവിറ്റി നിരക്ക് മലപ്പുറത്താണ് 15.6 ശതമാനം.
ഇതുവരെ 54,26,841 സാമ്പിള്‍ സംസ്ഥാനത്ത് പരിശോധിച്ചു. പത്ത് ലക്ഷം പേരില്‍ ഏറ്റവും കൂടുതല്‍ പരിശോധന എന്ന തോതില്‍ മുന്നില്‍ പത്തനംതിട്ട 15,794. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ പോസിറ്റിവിറ്റി നിരക്കും ജില്ലയിലാണ് 6.3 ശതമാനം.
കഴിഞ്ഞ ഏഴ് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.25 ശതമാനമാണ്. നിലവില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 60 ശതമാനത്തിലധികം പേരും വീടുകളില്‍ത്തന്നെയാണ് ചികിത്സയിലുള്ളത്.