കേരളം
എസ്എംഎസ് കിട്ടുന്നില്ല; ഒടിപി വഴിയുള്ള റേഷൻ വിതരണത്തിൽ തടസ്സം
ഒടിപി സംവിധാനം പ്രയോജനപ്പെടുത്തിയുള്ള റേഷൻ വിതരണത്തിലെ തടസ്സം പരിഹരിക്കാനാകാതെ ഭക്ഷ്യ പൊതുവിതരണ വകുപ്പ്. റേഷൻ കടകളിലെ ഇ-പോസ് മെഷീനുകളിൽ വിരൽ പതിപ്പിക്കാൻ കഴിയാത്ത കാർഡ് ഉടമകൾക്കാണ് ഒടിപി വഴി റേഷൻ നൽകുന്നത്. എന്നാൽ വാണിജ്യാവശ്യങ്ങൾക്കുള്ള എസ്എംഎസ് സേവനത്തിന് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിയന്ത്രണം ഏർപ്പെടുത്തിയതോടെ റേഷൻ വിതരണത്തെ ബാധിച്ചത്.
മുൻകൂട്ടി രജിസ്റ്റർ ചെയ്യാനുള്ള നിർദേശം സിവിൽ സപ്ലൈസ് വകുപ്പും ടെലികോം കമ്പനികളും ശ്രദ്ധിക്കാതിരുന്നതോടെയാണ് കാർഡ് ഉടമകൾക്ക് എസ്എംഎസ് ലഭിക്കാതെ ആയത്. ഇതോടെ ഒരാഴ്ചയോളമായി ഒടിപി വഴിയുള്ള വിതരണം തടസ്സപ്പെട്ടത്.
ഇ-പോസ് മെഷീനിൽ വിരൽ പതിപ്പിച്ചുള്ള റേഷൻ വിതരണം തടസ്സപ്പെടുന്ന സമയത്താണു കാർഡ് ഉടമകളുടെ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്കു നാലക്ക നമ്പർ ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) എന്ന നിലയിൽ എസ്എംഎസ് അയയ്ക്കുന്നത്. ഈ നമ്പർ ഇപോസ് മെഷീനിൽ രേഖപ്പെടുത്തുമ്പോൾ ഉപഭോക്താവിനു റേഷൻ സാധനങ്ങൾ ലഭിക്കും. ഓരോ കടയിലും 10%–15% കാർഡ് ഉടമകൾക്ക് ഒടിപി സംവിധാനം ഉപയോഗിക്കേണ്ടി വരാറുണ്ടെന്നാണ് വിവരം. ഒടിപി ഇല്ലെങ്കിൽ രജിസ്റ്ററിൽ റേഷൻ കാർഡ് ഉടമയുടെ പേരും ഫോൺ നമ്പറും കാർഡ് നമ്പറും രേഖപ്പെടുത്തി സാധനങ്ങൾ നൽകാൻ വ്യവസ്ഥയുണ്ട്.