കേരളം
കണ്ണൂർ വിസി നിയമനത്തിൽ കത്തയച്ചതിനെ ന്യായീകരിച്ച് മന്ത്രി ആർ.ബിന്ദു
ഗവർണർക്ക് അയച്ച കത്തിനെ വീണ്ടും ന്യായീകരിച്ച് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു . കണ്ണൂർ വൈസ് ചാൻസലറുടെ നിയമനം നടത്തിയത് പൂർണമായും ഗവർണറുടെ ഉത്തരവാദിത്തതിലാണെന്ന് ബിന്ദു വാർത്താക്കുറിപ്പിലൂടെ വിശദീകരിച്ചു. നിയമനകാര്യത്തിൽ ഗവർണർക്ക് കത്തയക്കാൻ മന്ത്രിക്ക് അധികാരമില്ലെന്ന ആരിഫ് മുഹമ്മദ് ഖാൻ്റെ നിലപാടും മന്ത്രി തള്ളുന്നു. നടന്നത് സ്വാഭാവികമായ ആശയവിനിമയമാണെന്ന് മന്ത്രി വിശദീകരിക്കുന്നു.
കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറുടെ പുനർനിയമനം സംബന്ധിച്ച് സർക്കാറിന്റെ നിലപാട് വ്യക്തമാക്കിയിട്ടും ഇക്കാര്യത്തിൽ തുടരുന്ന വിവാദം അനാവശ്യമാണ്. പ്രോചാൻസലറും ചാൻസലറും തമ്മിലുള്ള ആശയവിനിമയങ്ങൾ മാധ്യമങ്ങളിലൂടെ സംവാദമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്, പ്രോചാൻസലറെന്ന നിലക്കുള്ള നിലപാട് വ്യക്തമാക്കിയതാണ്. കൂടാതെ, ഇതു സംബന്ധിച്ച കേസ് ബഹു. ഹൈക്കോടതിയുടെ പരിഗണനയിലുമാണ്.
എന്നിട്ടും പ്രോചാൻസലർ കൂടിയായ ഉന്നത വിദ്യാഭ്യാസമന്ത്രി വൈസ് ചാൻസലർ നിയമനത്തിൽ ഇടപെടൽ നടത്തിയെന്ന നിലയിൽ ചിലർ പ്രചാരണം തുടരുന്നത് സർവ്വകലാശാല നിയമങ്ങളെ സംബന്ധിച്ചോ പ്രോചാൻസലർ എന്ന നിലയിലുള്ള അധികാരം സംബന്ധിച്ചോ മനസ്സിലാകാതെയാണ്. സർവ്വകലാശാലയുടെ ചാൻസലർ ഗവർണറും, പ്രോചാൻസലർ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമാണ്. നിയമപരമായി സ്ഥാപിതമായ പദവികളാണിവ. ഈ രണ്ടു പദവികളിലിരിക്കുന്നവർ തമ്മിൽ ആശയവിനിമയം നടത്തൽ സ്വാഭാവികമാണ്.
ഇതുകൊണ്ടുതന്നെ പ്രോചാൻസലർ എന്ന നിലയിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയ്ക്ക് സർവ്വകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചാൻസലറെ കത്തു മുഖേന അറിയിക്കാം. സർവ്വകലാശാലാനിയമത്തിൽ പ്രോചാൻസലർ പദവി പ്രത്യേകം നിർവചിക്കപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ ഇത് സ്വാഭാവിക നടപടി മാത്രമാണ്.
പ്രോചാൻസലർ എന്തെങ്കിലും നിർദ്ദേശം സമർപ്പിച്ചാൽ അത് സ്വീകരിക്കാനോ നിരാകരിക്കാനോ അധികാരമുള്ളതാണ് ചാൻസലർ പദവി. നീണ്ടകാലത്തെ ഭരണാനുഭവമുള്ള ബഹുമാനപ്പെട്ട ഗവർണർ, ചാൻസലർ എന്ന അധികാരം ഉപയോഗിച്ച് നടത്തിയ പുനർനിയമനം പൂർണ്ണ ഉത്തരവാദിത്തത്തോടെയാണെന്നത് ആർക്കും അറിയാവുന്നതാണ്. നിയമനത്തിൽ അപാകതയൊന്നുമില്ലെന്ന് ബഹുമാനപ്പെട്ട കോടതിതന്നെ പറയുകയും ചെയ്തു. എന്നിട്ടും വിവാദം തുടരുന്നത് അപലപനീയമാണ്.