കേരളം
നിര്‍മ്മാണ മേഖലയിൽ പ്രതിസന്ധി; ക്വാറികളും ക്രഷറുകളും ഇന്ന് മുതല്‍ പണിമുടക്കും
സംസ്ഥാനത്ത് ക്വാറികളും ക്രഷറുകളും ഇന്ന് മുതല്‍ അനിശ്ചിത കാലത്തേക്ക് പണിമുടക്കും. 630 ക്വാറികളും 1100 ക്രഷറുകളുമാണ് പൂര്‍ണമായും അടച്ചിടുന്നത്. ആള്‍ കേരള ക്വാറി ആന്‍ഡ് ക്രഷര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് സമരം.
ക്വാറി-ക്രഷര്‍ ഉല്‍പന്നങ്ങൾക്ക് ഇരട്ടിയിലധികം വില വര്‍ധിപ്പിക്കുന്ന വിധത്തില്‍ മാര്‍ച്ച് 31 ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനമാണ് സമരത്തിന് കാരണമായത്. സര്‍ക്കാര്‍ ഏകപക്ഷീയമായി നടപ്പാക്കിയ പുതിയ നിയമങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഉടമസ്ഥ സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഈ മാസം 17ന് മുമ്പ് വിജ്ഞാപനം പിന്‍വലിക്കുകയോ ചര്‍ച്ച ചെയ്ത് പരിഹാരം കാണുകയോ ചെയ്യണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കിൽ തിങ്കളാഴ്ച അനിശ്ചിത കാല സമരം ആരംഭിക്കുമെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ യോഗം സര്‍ക്കാരിനെ അറിയിച്ചിരുന്നു. സമരം നീളുന്നത് നിര്‍മ്മാണ മേഖലയെ പ്രതിസന്ധിയിലാക്കും. മഴക്കാലം ആരംഭിക്കാനിക്കെ സമരം തുടങ്ങിയത് പൊതുമരാമത്ത് മേഖലയെ പ്രതികൂലമായി ബാധിച്ചേക്കും.