കേരളം
പൊതുമുതൽ നശിപ്പിക്കൽ കേസ്; പൊലീസ് പണമടയ്ക്കണമെന്ന ഉത്തരവ് പിന്‍വലിച്ചു
പൊതുമുതൽ നശിപ്പിക്കൽ കേസുകളിൽ നാശനഷ്ടം വിലയിരുത്തുന്നതിന് പൊലീസ് പണം അടച്ച് അപേക്ഷ സമര്‍പ്പിക്കണമെന്ന വിവാദ ഉത്തരവ് ആഭ്യന്തരവകുപ്പ് പിൻവലിച്ചു. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ പരിശോധനാ റിപ്പോർട്ടിന് പൊലീസ് പണമടയ്ക്കണമെന്നായിരുന്നു ഉത്തരവ്.
പൊതുമുതൽ നശിപ്പിക്കുന്ന കേസുകളിൽ എത്രരൂപയുടെ നാശനഷ്ടമുണ്ടായെന്ന് വിലയിരുത്തി റിപ്പോർട്ട് നൽകുന്നത് പൊതുമരാമത്ത് ഉദ്യോഗസ്ഥരാണ്. ക്രിമിനൽ ചട്ടപ്രകാരം പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് പൊലീസ് നോട്ടീസ് നൽകുന്നതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തി റിപ്പോർട്ട് നൽകുന്നത്.
എന്നാൽ ഇനി നോട്ടീസ് വേണ്ടെന്നും കേസുകളുണ്ടായാൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ സേവനം ലഭിക്കാൻ പണമടച്ച് പൊലീസ് അപേക്ഷ സമർപ്പിക്കണമെന്നുമായിരുന്നു ഉത്തരവ്. പൊതുമരാമത്ത് ചീഫ് എഞ്ചിനിയറുടെ ആവശ്യപ്രകാരമാണ് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്. നാശനഷ്ട സർട്ടിഫിക്കറ്റിലെ തുക കെട്ടിവച്ചാൽ മാത്രമേ പ്രതികൾക്ക് ജാമ്യം ലഭിക്കുകയുള്ളു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ നാശനഷ്ട സർട്ടിഫിക്കറ്റും കോടതിലെത്തണം.
എന്നാല്‍ ഓരോ കേസ് കഴിയുമ്പോഴും അപേക്ഷയുമായി പൊതുമരമാത്ത് ഓഫീസിൽ പോകാൻ കഴിയില്ലെന്ന നിലപാട് പൊലീസുദ്യോഗസ്ഥര്‍ എടുത്തതോടെ സേനയിലുണ്ടായ പ്രതിസന്ധി കാരണം . ഏത് ഉദ്യോഗസ്ഥന്‍റെ സേവനം വിട്ടുകിട്ടാനും പൊലീസിന് നോട്ടീസ് നൽകാൻ നിയമാനുസരണം അധികാരമുള്ളപ്പോള്‍ ആഭ്യന്തരവകുപ്പിൻെ ഉത്തരവ് നിലനിൽക്കില്ലെന്ന് ഡിജിപിയും സർക്കാരിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര സെക്രട്ടറിപോലും അറിയാതെ ഇറക്കിയ വിവാദ ഉത്തരവ് പിൻവലിച്ചത്.