Connect with us

Kerala

നാടിന് ആശ്വാസം; പിടി സെവനെ മയക്കുവെടി വച്ചു

Published

on

നാലുവര്‍ഷമായി നാടിനെ നട്ടം തിരിച്ച കാട്ടുകൊമ്പന്‍ പിടി സെവനെ മയക്കുവെടി വച്ചു.ആന മയങ്ങാന്‍ 45 മിനിറ്റ് എടുക്കുമെന്നും ഈ സമയം നിര്‍ണായകമെന്നുമാണ് ദൗത്യസംഘം പറയുന്നത്. ആനയെ ദൗത്യസംഘം നിരീക്ഷിച്ച് വരികയാണ്. ആനയെ കൊണ്ടുവരാനുള്ള ലോറി ധോണി ക്യാമ്പില്‍ നിന്ന് പുറപ്പെട്ടു കഴിഞ്ഞു.

ഇന്ന് രാവിലെ തന്നെ ധോണിയില്‍ കാട്ടുകൊമ്പന്‍ എവിടെയാണ് എന്നതിനെ കുറിച്ച് കൃത്യമായ വിവരം വനംവകുപ്പിന് ലഭിച്ചിരുന്നു. മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിര്‍ത്തിക്കടുത്ത് അകലെയല്ലാതെയാണ് കാട്ടാനയെ ദൗത്യസംഘം കണ്ടെത്തിയത്. വനം ചീഫ് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും മയക്കുവെടി വയ്ക്കുകയുമായിരുന്നു. ദൗത്യത്തിന്റെ ഭാഗമായി മൂന്ന് കുങ്കിയാനകളെയും എത്തിച്ചിരുന്നു.

ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ റേഞ്ച് ഓഫീസര്‍ എന്‍ രൂപേഷ് അടങ്ങുന്ന ഇരുപത്തഞ്ചംഗ ദൗത്യസംഘമാണ് ആനയെ മയക്കുവെടിവച്ച് പിടികൂടാന്‍ ചുക്കാന്‍ പിടിച്ചത്. നിലവിലെ സ്ഥലത്ത് തന്നെ പിടി സെവന്‍ തുടര്‍ന്നാല്‍ രാവിലെ തന്നെ പിടികൂടാന്‍ കഴിയുമെന്നായിരുന്നു ദൗത്യസംഘത്തിന്റെ കണക്കുകൂട്ടല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവിലാണ് ആനയെ മയക്കുവെടി വച്ചത്.

മയക്കുവെടി വച്ച് പിടികൂടിയ ശേഷം കാട്ടുകൊമ്പനെ മെരുക്കുന്നതിനുള്ള കൂട്ടിലേക്ക് മാറ്റും. ഇതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം വനത്തിന്റെ ചെരുവില്‍ ആന നിലയുറപ്പിച്ചത് കൊണ്ടാണ്പിടികൂടാന്‍ കഴിയാതെ പോയത്.

Advertisement
Continue Reading