കേരളം
പിഎസ്‍സി ഉദ്യോഗാര്‍ത്ഥികള മറ്റന്നാൾ മുതൽ നിരാഹാര സമരത്തിലേക്ക്
നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം കടുപ്പിക്കാനൊരുങ്ങി പിഎസ്‍സി ഉദ്യോഗാര്‍ത്ഥികള്‍. മറ്റന്നാൾ മുതൽ നിരാഹാര സമരത്തിലേക്ക് പോവുമെന്ന് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധിയായ ലയ രാജേഷ് പറഞ്ഞു.
സർക്കാരിൽ വിശ്വാസമുണ്ട്. സർക്കാർ ഉത്തരവ് നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷ. അനുകൂല നടപടിക്കായി നാളെ വൈകുന്നേരം വരെ കാക്കും. എന്നിട്ടും ഉത്തരവ് ലഭിച്ചില്ലെങ്കിൽ സമരം ശക്തമാക്കും.
മറ്റന്നാൾ മുതൽ നിരാഹാര സമരത്തിലേക്ക് പോവുമെന്ന് ലയ പറഞ്ഞു.കാത്ത് കാത്തിരുന്ന് ചർച്ച നടന്നിട്ടും അനിശ്ചിതത്വം ഒഴിയുന്നില്ല.
സിപിഒ,എൽജിഎസ്,അധ്യാപക റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾ ചർച്ചക്ക് ശേഷവും സമരം തുടരുകയാണ്. ഇന്നലെ നൽകിയ ഉറപ്പുകൾ രേഖയാക്കി ഇന്ന് തന്നെയെത്തിക്കുമെന്നുള്ള ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷ മറിച്ചായാൽ ചൊവ്വാഴ്ച മുതൽ സമരം ശക്തമാക്കും.
ആവശ്യങ്ങൾ സർക്കാരിനെ അറിയിക്കാമെന്നാണ് ആഭ്യന്തര സെക്രട്ടറി ടി കെ ജോസും എഡിജിപി മനോജ് എബ്രഹാമും ഉദ്യോഗാർത്ഥികളെ അറിയിച്ചത്. സമരം തുടരുന്ന ഉദ്യോഗാർത്ഥികളെ ഇന്ന് വീണ്ടും ഉദ്യോഗസ്ഥർ കണ്ടേക്കും.
സമരം സമാധാനപരമാകണമെന്ന നിർദ്ദേശം ഉദ്യോഗാർത്ഥികൾ അംഗീകരിച്ചിട്ടുണ്ട്.പിഎസ്‍സി ലാസ്റ്റ് ഗ്രേഡ് സെര്‍വെന്‍റ് ഉദ്യോഗാര്‍ത്ഥികളുടെ സമരം 27 ദിവസം പിന്നിട്ടു. 14 ആം ദിവസത്തിലാണ് സിവിൽ പൊലീസ് റാങ്ക് ഹോള്‍ഡേഴ്സിന്‍റെ പ്രതിഷേധം. ഇവർക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസും ഒരാഴ്ചയായി നിരാഹാര സമരത്തിലാണ്. യൂത്ത് കോണ്‍ഗ്രസ് നിരാഹാരം എട്ടാംദിവസവും തുടരുകയാണ്.
ആരോഗ്യ നില വഷളായ സാഹചര്യത്തിൽ ആശുപത്രിയിലേക്ക് മാറാൻ എംഎൽഎമാരായ ഷാഫിപറമ്പിലിനോടും കെ എസ് ശബരിനാഥനോടും ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും സമരം തുടരാനാണ് തീരുമാനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സമരപന്തലിൽ എത്തി.
അതേസമയം, കെഎസ്ആർടിസി ഡ്രൈവർ പട്ടികയിലുള്ളവരും സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടങ്ങി. ആറുമാസം കഴിഞ്ഞ താത്കാലികക്കാരെ മാറ്റുന്നതിലും,എൽജിഎസ് പട്ടികയിൽ നിന്നും വാച്ചർമാരെ നിയമിക്കുന്നതിലും ഔദ്യോഗിക കടമ്പകൾ നിരവധിയെന്നാണ് ഇന്നലെ ചർച്ചയിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.