കേരളം
കുതിച്ചുയരുന്ന ഇന്ധന വില ; പാചകവാതക സിലിന്‍ഡര്‍ കായലിലെറിഞ്ഞ് പ്രതിഷേധം
രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വിലവര്‍ധനയ്ക്കെതിരേ മഹിളാകോണ്‍ഗ്രസ് പാചകവാതക സിലിന്‍ഡര്‍ കായലില്‍ എറിഞ്ഞു പ്രതിഷേധിച്ചു. ചിങ്ങോലി മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം .കായംകുളം കായല്‍ വെമ്പുഴക്കടവില് നടന്ന സമരം ഡി.സി.സി. ജന. സെക്രട്ടറി ജേക്കബ് തമ്പാൻ ഉദ്ഘാടനം ചെയ്തു.
ചിങ്ങോലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി. സജിനി അധ്യക്ഷയായി. ഡി.സി.സി. ജന. സെക്രട്ടറി അഡ്വ.വി. ഷുക്കൂര്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.ജി. ശാന്തകുമാര്‍, ആര്. ഷൈലജ,രഞ്ജിത്ത് ചിങ്ങോലി, ശോഭ, രാധമ്മ, സൂര്യ, പ്രസന്നകുമാരി, തുടങ്ങിയവര്‍ പങ്കെടുത്തു.ഇന്ധനവില വർധനവിനൊപ്പം ജനങ്ങളെ ദുരിതത്തിലാക്കി പാചകവാതക വിലയും ഉയരുകയാണ്.
അതേസമയം വില വർദ്ധനവിന് പിന്നാലെ രാജ്യത്തെ ഇന്ധന ഉപഭോഗത്തില്‍ ഫെബ്രുവരിയില്‍ കുറവു വന്നതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇന്ധന വില വര്‍ധനവാണ് ഉപഭോഗം കുറയാന്‍ കാരണമെന്നാണ് നിഗമനം. സെപ്തംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഉപഭോഗമാണ് രേഖപ്പെടുത്തിയത്.
17.21 ദശലക്ഷം ടണ്‍ ഇന്ധനമാണ് ഫെബ്രുവരിയിലെ ഉപഭോഗം. 4.9 ശതമാനത്തിന്റെ ഇടിവാണ് ഈ മാസം ഉപഭോഗത്തില്‍ ഉണ്ടായത്. പെട്രോളും ഡീസലും ഉപഭോഗം കുറഞ്ഞുവെന്ന് പെട്രോളിയം ആന്റ് നാചുറല്‍ ഗ്യാസ് മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിംഗ് ആന്റ് അനാലിസിസ് സെല്‍ റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കുന്നത്. ഡീസലിന്റെ ഉപഭോഗം 8.55 ശതമാനം കുറഞ്ഞു. 6.55 ദശലക്ഷം ടണ്‍ ഡീസലാണ് വിറ്റഴിക്കപ്പെട്ടത്. 2.4 ദശലക്ഷം ടണ്‍ പെട്രോളും വിറ്റു. പെട്രോളിന്റെ വില്‍പ്പന 6.5 ശതമാനം കുറഞ്ഞു.