കേരളം
ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് യുവാവിന്റെ മൊബൈല്‍ പിടിച്ചുവാങ്ങി എസ്‌ഐ; മലപ്പുറത്ത് നാട്ടുകാരുടെ പ്രതിഷേധം
വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലാത്തതിന്റെ പേരില്‍ യുവാവിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചുവാങ്ങിയതില്‍ നാട്ടുകാരുടെ പ്രതിഷേധം. മലപ്പുറം ട്രാഫിക് സ്റ്റേഷനിലെ എസ്‌ഐ ഇന്ദുറാണിക്കെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പൊലീസിന്റെ പ്രവൃത്തിയില്‍ പ്രതിഷേധിക്കുന്ന നാട്ടുകാരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
ഇന്‍ഷുറന്‍സ് ഇല്ലാത്തതിന്റെ പേരില്‍ എസ്‌ഐ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഭാര്യ ഗര്‍ഭിണിയാണെന്നും ഫോണിലേക്ക് വിളിക്കുമെന്ന് പറഞ്ഞിട്ടും എസ്‌ഐ കേട്ടില്ലെന്നും വീഡിയോയില്‍ പറയുന്നു. ‘ഇന്‍ഷുറന്‍സ് ഇല്ലാത്തതിന്റെ പേരില്‍ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുന്നത് ശരിയാണോ? അത്യാവശ്യത്തിന് വിളിക്കണമെങ്കില്‍ അവര്‍ എന്തുചെയ്യണം.
വണ്ടിയുടെ ഇന്‍ഷുറന്‍സ് മൊബൈലില്‍ അല്ല. വാഹനം കൊണ്ടുപോകാം. എന്നാല്‍ മൊബൈല്‍ പിടിച്ചുവാങ്ങിയത് ശരിയാണോ?. ആ പെണ്‍കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മാഡം സമാധാനം പറയുമോ?’- ഇങ്ങനെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധ വാക്കുകള്‍.
പിഴ അടക്കാമെന്ന് പറഞ്ഞിട്ടും ഫോണ്‍ പിടിച്ചുവാങ്ങിയെന്നും മലപ്പുറം ചെമ്മങ്കടവ് വില്ലേജ് ഓഫീസിന് സമീപമാണ് ഈ സംഭവമുണ്ടായതെന്നും വീഡിയോയില്‍ പറയുന്നുണ്ട്. ഒടുവില്‍ പിഴ അടക്കാന്‍ എസ്‌ഐ പറയുമ്പോള്‍ പിഴ കോടതിയില്‍ അടച്ചോളാമെന്ന് മറുപടി നല്‍കുന്നതും പിഴ അടച്ചില്ലെങ്കില്‍ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും നാട്ടുകാര്‍ ചോദിക്കുന്നതും ദൃശ്യങ്ങളില്‍ കേള്‍ക്കാം.
വീഡിയോ കാണാം