കേരളം
ഏപ്രിൽ മൂന്നിന് നേമത്ത് പ്രിയങ്ക പ്രചാരണത്തിന്

കെ മുരളീധരന്റെ പരാതിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ഏപ്രില്‍ മൂന്നിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീണ്ടും കേരളത്തിലെത്തും. നേമത്തും കഴക്കൂട്ടത്തും റോഡ് ഷോയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ശ്രീപെരുമ്പത്തൂരിലെ പ്രചാരണം കഴിഞ്ഞ് മൂന്നാം തീയതി ഏഴുമണിക്കാണ് പ്രിയങ്ക കേരളത്തിലെത്തുന്നത്.
നേമം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കെ. മുരളീധരനുമായി ചര്‍ച്ച നടത്തിയതിനു ശേഷമായിരുന്നു പ്രിയങ്കയുടെ തീരുമാനം. പ്രിയങ്ക നേമത്ത് പ്രചാരണത്തിന് എത്തിയില്ലെങ്കില്‍ അത് മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് ഇട നല്‍കുമെന്ന് മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
റോഡ് ഷോ പ്രത്യേക സാഹചര്യത്തിലാണ് നടക്കാതെ പോയത്. വല്ലാതെ വൈകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ബി.ജെ.പിയുടെ ഏക സീറ്റാണല്ലോ നേമം. ആ നിലയ്ക്ക് പ്രിയങ്കയുടെ റോഡ് ഷോ നേമത്ത് നടന്നില്ലെങ്കില്‍ അതിന് മറ്റുചില വ്യാഖ്യാനങ്ങളുണ്ടാകുമെന്നും മുരളീധരൻ വ്യക്തമാക്കിയിരുന്നു.പ്രിയങ്കയെ നേരിട്ട് കണ്ട് അതൃപ്‌തി അറിയിച്ച മുരളീധരൻ, നേമം മണ്ഡലത്തിൽ എത്തിയില്ലെങ്കിൽ അത് മറ്റ് പല വ്യാഖ്യാനങ്ങളുമുണ്ടാക്കുമെന്നും മുന്നറിയിപ്പ് നൽകി. തുടർന്ന് ഏപ്രിൽ മൂന്നിന് കേരളത്തിൽ വീണ്ടും എത്താമെന്ന് പ്രിയങ്ക ഉറപ്പ് നൽകി.
തലസ്ഥാനത്ത് ആദ്യം വെഞ്ഞാറമൂട് മണ്ഡലം, ശേഷം കാട്ടാക്കട അതിന് ശേഷം പൂജപ്പുരയിൽ നേമത്തെ സ്ഥാനാർത്ഥി മുരളീധരനും വട്ടിയൂർക്കാവിലെ യു ഡി എഫ് സ്ഥാനാർത്ഥി വീണ നായർക്കും ഒപ്പം റോഡ് ഷോ എന്നിങ്ങനെയായിരുന്നു പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഷെഡ്യൂൾ നിശ്‌ചയിച്ചിരുന്നത്. എന്നാൽ സമയക്കുറവ് മൂലം പൂജപ്പുര റോഡ് ഷോ ഒഴിവാക്കേണ്ടി വന്നു.