ദേശീയം
സ്വകാര്യതാ നയം; വാട്‌സാപും കേന്ദ്രവും തമ്മില്‍ യുദ്ധം മുറുകുന്നു
2021ലെ പുതിയ സ്വകാര്യതാനയത്തിന് ഉപയോക്താക്കളില്‍ നിന്നും പുഷ് നോട്ടിഫിക്കേഷന്‍ വഴി അനുമതി വാങ്ങുന്ന വാട്‌സാപ് തന്ത്രങ്ങള്‍ക്കെതിരെ നിര്‍ദേശം പുറപ്പെടുവിക്കണമെന്ന് കേന്ദ്രം ഡൽഹി ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചു.
പുതിയ ഐടി ചട്ടങ്ങള്‍ അനുസരിക്കുന്നത് സംബന്ധിച്ച് വാട്‌സാപ്പുമായുള്ള തര്‍ക്കത്തിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്രം ഡൽഹി ഹൈക്കോടതിയ്ക്ക് പുതിയൊരു സത്യവാങ്മൂലം സമര്‍പ്പിച്ചു. ഇതിലാണ് തങ്ങളുടെ പുതിയ സ്വകാര്യതാനയത്തിന് വായനക്കാരില്‍ നിന്നും തന്ത്രപൂര്‍വ്വം അംഗീകാരം നേടിയെടുക്കുന്ന രീതിയാണ് വാട്‌സാപ് പിന്തുടരുന്നതെന്നും കേന്ദ്രം കുറ്റപ്പെടുത്തിയത്.
സ്വകാര്യ വിവര സംരക്ഷണ ബില്‍ നിയമമാകുന്നതിന് മുമ്ബ് തങ്ങളുടെ പുതുക്കിയ സ്വകാര്യതാനയത്തിന് വായനക്കാരില്‍ നിന്നും അംഗീകാരം നേടാനാണ് വാട്‌സാപ് ശ്രമിക്കുന്നതെന്നും കേന്ദ്രം കുറ്റപ്പെടുത്തി. 2021ലെ പുതിയ സ്വകാര്യതാനയത്തിന് ഉപയോക്താക്കളില്‍ നിന്നും പുഷ് നോട്ടിഫിക്കേഷന്‍ വഴി അനുമതി വാങ്ങുന്ന വാട്‌സാപ് തന്ത്രങ്ങള്‍ക്കെതിരെ നിര്‍ദേശം പുറപ്പെടുവിക്കണമെന്ന് കേന്ദ്രം ഡൽഹി ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചു.ഇപ്പോള്‍ വാട്‌സാപ് തങ്ങളുടെ പുതിയ സ്വകാര്യതാനയത്തിന് ഉപയോക്താക്കളില്‍ നിന്നും സമ്മതം കിട്ടാന്‍ ദിവസേനയെന്നോണം നോട്ടിഫിക്കേഷന്‍ അയക്കുകയാണ്. എല്ലാ അര്‍ത്ഥത്തിലും കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ ഉത്തരവിനെതിരാണ് ഈ നോട്ടിഫിക്കേഷനുകള്‍.
2021 തുടക്കത്തിലാണ് വാട്‌സാപ് പുതിയ സ്വകാര്യതാനയം രൂപീകരിച്ചത്. ഇതനുസരിച്ച് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ മാതൃകമ്പനിയുമായി പങ്കുവെക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ വന്‍ പ്രതിഷേധം ഉണ്ടായതോടെ ജനവരിയില്‍ നടപ്പാക്കുമെന്ന് പറഞ്ഞ പുതിയ സ്വകാര്യതാനയം നടപ്പിലാക്കുന്നത് മെയ് 15 വരെ നീട്ടിയിരുന്നു. മെയ് 26ന് കേന്ദ്രസര്‍ക്കാരിന്‍റെ ഐടി ചട്ടങ്ങള്‍ക്കെതിരെ വാട്‌സാപ് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. സന്ദേശം അയക്കുന്ന ആളുടെ ഐഡന്‍റിറ്റി ഒളിപ്പിച്ചുവെയ്ക്കുന്ന സോഫ്റ്റ് വെയറാണ് വാട്‌സാപ് ഉപയോഗിക്കുന്നത്.
എന്നാല്‍ കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ ഐടി ചട്ടം ആരാണ് സന്ദേശം അയക്കുന്നതെന്നത് പരിശോധിക്കാന്‍ കഴിയണമെന്നാവശ്യപ്പെടുന്നു. ഇത് സ്വകാര്യത നിലനിര്‍ത്താനുള്ള വ്യക്തിയുടെ അവകാശം ചോദ്യം ചെയ്യലാണെന്നും വാട്‌സാപ് ഉപയോഗിക്കുന്ന എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നയത്തിനെതിരാണെന്നും (അതായത് സന്ദേശം അയക്കുന്നവരുടെ വിവരങ്ങള്‍ ഒളിപ്പിച്ചുവെയ്ക്കുന്ന സോഫ്റ്റ് വെയര്‍) വാട്‌സാപ് കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ജസ്റ്റിസ് കെഎസ് പുട്ടുസ്വാമിയും യൂണിയന്‍ ഓഫ് ഇന്ത്യയും തമ്മിലുള്ള 2017ലെ കേസിലെ വിധി കൂടി ചൂണ്ടിക്കാട്ടിയാണ് വാട്‌സാപ് ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കണമെന്ന് വാദിച്ചത്. കേന്ദ്രത്തിന്‍റേത് സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റമാണെന്നും വാട്‌സാപ് വാദിച്ചു.