കേരളം
വാരാന്ത്യ ലോക്ക്ഡൗണിൽ ഇളവ് നൽകിയേക്കും; അവലോകന യോഗം ഇന്ന് തന്നെ ചേരാൻ സാധ്യത
സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തുടർന്ന് വരുന്ന വാര്യന്ത്യ ലോക്ഡൗണിൽ ഇളവ് നൽകാൻ സാധ്യതയെന്ന് റിപ്പോർട്ട്. പെരുന്നാൾ അടുത്തതും വ്യാപാരികളുടെ ആവശ്യവും പരിഗണിച്ച് ശനിയും ഞായറും കടകൾ തുറക്കാൻ അനുമതി നൽകിയേക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് തന്നെ അവലോകന യോഗം ചേർന്ന് ഇത് സംബന്ധിച്ച തീരുമാനം എടുത്തേക്കുമെന്നാണ് സൂചന.
ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകി കടകൾ എല്ലാ ദിവസവും തുറക്കാൻ അനുവദിക്കണം എന്ന ആവശ്യം ഉന്നയിച്ച് വ്യാപാരികൾ സർക്കാരിന് മേലുള്ള സമ്മർദം ശക്തമാക്കിയിട്ടുണ്ട്. ഇന്ന് മുഖ്യമന്ത്രി വ്യാപാരികളെ കാണുന്നുണ്ട്. അടുത്ത ചൊവ്വാഴ്ചയാണ് പെരുന്നാൾ. പെരുന്നാൾ പ്രമാണിച്ച് വലിയ കച്ചവടം നടക്കുന്ന സമയമാണ് ഈ ശനിയും ഞായറും എന്ന് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15ൽ താഴെയുള്ള പ്രദേശങ്ങളിൽ നിലവിൽ വെള്ളി, തിങ്കൾ ദിവസങ്ങളിൽ കടകൾ തുറക്കാം. ആരാധനാലയങ്ങളിൽ കൂടുതൽ പേരെ പ്രവേശിപ്പിക്കണം എന്ന ആവശ്യം മത സംഘടനകളും ശക്തമായി മുൻപോട്ട് വെച്ചിരുന്നു. കടകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുന്ന വിഷയത്തിൽ നയപരമായ തീരുമാനം സർക്കാരിൽ നിന്ന് വരേണ്ട സമയമാണെന്ന് ഹൈക്കോടതിയും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
വാരാന്ത്യ ലോക്ക്ഡൗണുമായി മുൻപോട്ട് പോകാൻ സർക്കാർ തീരുമാനിച്ചാൽ അവശ്യ മേഖലകൾക്ക് മാത്രമാവും അനുമതി. പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല. സ്വകാര്യ ബസ് സർവീസ് ഉണ്ടാകില്ല. കെഎസ്ആർടിസി പരിമിത സർവീസ് മാത്രമാവും നടത്തുക. ടിപിആർ നിരക്ക് കുറയാത്തതാണ് സർക്കാരിനെ കുഴക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിന് ഇടയിൽ 3 ദിവസത്തിൽ താഴെ മാത്രമാണ് ടിപിആർ നിരക്ക് 10 ശതമാനത്തിൽ താഴെയ്ത്തിയത്. ഇതും ആശങ്ക വർധിപ്പിക്കുകയാണ്.