ദേശീയം
ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടൽ കർമ്മം നടന്നു
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടൽ കർമ്മം നടന്നു. പ്രാധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചത്. പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപന ചടങ്ങുകളോട് അനുബന്ധിച്ചുള്ള ഭൂമി പൂജയും ആരംഭിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ. കൊറോണ പ്രോട്ടോകോൾ പാലിച്ചാണ് ചടങ്ങ് നടക്കുക.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ലോക്‌സഭാ സ്പീക്കർ ഓംബിർല, കേന്ദ്രമന്ത്രിമാരായ രവിശങ്കർ പ്രസാദ്, ഹർദ്ദീപ് സിംഗ് പുരി എന്നിങ്ങനെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
നിലവിലെ മന്ദിരത്തോട് ചേർന്നാണ് പുതിയ പാർലമെന്റ് നിർമ്മിക്കുന്നത്. പുതിയ പാർലമെന്റ് മന്ദിരം ത്രികോണാകൃതിയിൽ പണിയാനാണ് തീരുമാനം. എല്ലാ എംപിമാർക്കും പ്രത്യേക ഓഫീസ് മുറികൾ സജമാക്കും. കടലാസ് രഹിത പാർലമെന്റ് എന്ന ലക്ഷ്യത്തോടെ ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ ഒരുക്കാനാണ് തീരുമാനം.
ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യം ഉയർത്തിക്കാട്ടുന്ന രീതിയിലാണ് മന്ദിരം രൂപകൽപന ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്. വിശാലമായ കോൺസ്റ്റിറ്റിയൂഷൻ ഹാൾ, അംഗങ്ങൾക്കുവേണ്ടിയുള്ള ലോഞ്ച്, ലൈബ്രറി, വിവിധ മുറികൾ, ഡൈനിംഗ് ഹാളുകൾ പാർക്കിംഗ് എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഒരുക്കും.
971 കോടി രൂപ ചെലവിട്ട് 64,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിൽ നിർമിക്കുന്ന മന്ദിരത്തിന് നിലവിലേതിനേക്കാള്‍ 17,000 ചതുരശ്രമീറ്റര്‍ വലുപ്പമുണ്ടാകും. നാല് നിലകളിലായി ഉയരുന്ന മന്ദിരത്തിന് ആറ് കവാടങ്ങളുണ്ടാകും. ലോക്സഭാ ചേംബറിന്‍റെ വലുപ്പം 3015 ചതുരശ്ര മീറ്ററാണ്. 888 അംഗങ്ങള്‍ക്ക് ഇരിപ്പിടമുണ്ടാകും. രാജ്യസഭ ചേംബറില്‍ 384 അംഗങ്ങള്‍ക്ക് ഇരിക്കാം. നിലവില്‍ ലോക്സഭയില്‍ 543 ഉം രാജ്യസഭയില്‍ 245 ഉം അംഗങ്ങള്‍ക്കാണ് ഇരിപ്പിടമാണുള്ളത്. പുതിയ മന്ദിരത്തില്‍ സെന്‍ട്രല്‍ ഹാളുണ്ടാകില്ല.