കേരളം
ദീപാവലിക്ക് ട്രെയിന്‍ യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുക; ലഗേജില്‍ ഇതോക്കെയുണ്ടെങ്കിൽ പിടിവീഴും
ദീപാവലി ആഘോഷങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ദീപാവലി നാട്ടില്‍ ആഘോഷിക്കാന്‍ മറുനാടുകളില്‍ നിന്ന് നാട്ടിലേക്ക് പോകുന്നവര്‍ നിരവധിയാണ്. ഭൂരിഭാഗം ആളുകളും യാത്രയ്ക്കായി ട്രെയിനിനെയാണ് ആശ്രയിക്കാറ്.
എന്നാല്‍ ട്രെയിനില്‍ കയറുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ ദീപാവലി സമയത്ത് ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് പുതിയ മാര്‍ഗനിര്‍ദേശം റെയില്‍വേ പുറത്തിറക്കിയത്.
അപകട സാധ്യതയുള്ള പടക്കം, പെട്രോള്‍, ഡീസല്‍, സ്റ്റൗ, ഗ്യാസ്, ഓവന്‍ ഉള്‍പ്പെടെയുള്ള സാധനസാമഗ്രികള്‍ യാത്രയില്‍ കൂടെ കൊണ്ടുവരരുത്. ട്രെയിനില്‍ സിഗററ്റും അനുവദനീയമല്ല. നിരോധിത ഉല്‍പ്പന്നങ്ങള്‍ കൈയില്‍ വെയ്ക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് റെയില്‍വേയുടെ മുന്നറിയിപ്പില്‍ പറയുന്നു.
റെയില്‍വേ നിയമത്തിലെ 164, 165 വകുപ്പുകള്‍ പ്രകാരം ഇത്തരം സാധനസാമഗ്രികള്‍ ട്രെയിനില്‍ കയറ്റുന്നത് ശിക്ഷാര്‍ഹമാണ്. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആയിരം രൂപ പിഴ ചുമത്തും. കൂടാതെ മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.