കേരളം
കിഫ്ബിയെ ഒന്നും ചെയ്യാനാകില്ല; അധികാരം ഉപയോഗിച്ച് എവിടേയും കയറി ചെല്ലാമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി
കിഫ്ബി റെയ്ഡിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയുടെ പേരില്‍ ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്ന് പിണറായി. കിഫ്ബിയെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. ആദായനികുതി പരിശോധന ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്. അധികാരമുണ്ടെന്ന് കരുതി എവിടെയും ചെന്ന് കയറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബിയെ തകർക്കാനുള്ള ശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നത്. പക്ഷേ. ഇവിടെ അത് വിലപ്പോകില്ല. സാമ്പത്തിക സ്ഥാപനം എന്ന നിലയ്ക്ക് കിഫ്ബിക്ക് ആർബിഐ അനുമതിയുണ്ട്. കേന്ദ്ര ഏജൻസികൾ ഫെഡറൽ സംവിധാനങ്ങളെ മാനിക്കാൻ പഠിക്കണം. ആര് വന്നാലും കിഫ്ബിയെ ഒരു ചുക്കും ചെയ്യാനാകില്ലെന്നും പിണറായി പറഞ്ഞു.
കേരള അടിസ്ഥാനസൗകര്യ വികസനനിധി(കിഫ്ബി)യുടെ ആസ്ഥാനത്ത് ആദായനികുതി വകുപ്പിന്റെ പരിശോധന. പതിനഞ്ചോളം ഉദ്യോഗസ്ഥർ മണിക്കൂറുകളോളം രേഖകൾ പരിശോധിച്ചു. കരാറുകാർക്ക് നൽകിയ തുകയിൽ സ്രോതസ്സിൽ ആദായനികുതി കുറച്ചില്ലെന്നുകാണിച്ച് നേരത്തേ ആദായനികുതിവകുപ്പ് വിശദീകരണം ചോദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
വ്യാഴാഴ്ച ഉച്ചയോടെ തുടങ്ങിയ പരിശോധന രാത്രി വൈകിയും നീണ്ടു. തിരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ ഇടപെടലോടെ കിഫ്ബിയെ താറടിക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുകയാണെന്ന് സർക്കാർ ആരോപിച്ചു. വിദേശനാണ്യച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ ഇ.ഡി.യുടെ അന്വേഷണത്തിനുപുറമേയാണ് ആദായനികുതി വകുപ്പും രംഗത്തെത്തിയത്.