കേരളം
വർഗസമര ചരിത്രത്തിലെ സുപ്രധാന ഏട്; കർഷകർക്ക് അഭിവാദ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധം നയിച്ച കര്‍ഷകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഐതിഹാസികമായ കര്‍ഷക സമരത്തിനു വിജയം കുറിച്ചുകൊണ്ട് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കപ്പെട്ടിരിക്കുന്നു. സമത്വപൂര്‍ണമായ ലോകനിര്‍മിതിയ്ക്കായി നടക്കുന്ന വര്‍ഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണ് ഇന്ത്യന്‍ കര്‍ഷകര്‍ രചിച്ചിരിക്കുന്നത്. വെല്ലുവിളികള്‍ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍ നേരുന്നുവെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
വിവാദമായ കാര്‍ഷിക നിയമങ്ങളും റദ്ദാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. കര്‍ഷക സമരം ഒരു വര്‍ഷം പിന്നിടുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ണായക പ്രഖ്യാപനം.
നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍കൂടിയാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ണായക തീരുമാനമെടുത്തത്.