കേരളം
സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു
സംസ്ഥാനത്ത് ഇന്ധനവില ഇന്നും കുറഞ്ഞു.പെട്രോളിനും ഡീസലിനും 20 പൈസ വീതമാണ് കുറഞ്ഞത്. ഇതോടെ പെട്രോൾ ലിറ്ററിന് 91.05 രൂപയും ഡീസലിന് 85.63 രൂപയുമാണ് ഇന്നത്തെ വില. തുടർച്ചയായ രണ്ടാംദിവസമാണ് ഇന്ധനവിലയിൽ കുറവ് രേഖപ്പെടുത്തുന്നത്. ഇന്നലെ ഈ വർഷം ആദ്യമായി ഇന്ധനവില കുറഞ്ഞിരുന്നു.
ഫെബ്രുവരി ആദ്യം മുതൽ തന്നെ അന്താരാഷ്ട്ര എണ്ണ വിലയിൽ വൻ കുറവ് രേഖപ്പെടുത്തിയിരുന്നു. കുതിച്ചുയരുന്ന ഇന്ധനവിലയിൽ ജനം പൊറുതിമുട്ടുന്നതിനിടെ, ഒരു വർഷത്തിന് ശേഷം ആദ്യമായാണ് ഇന്നലെ പെട്രോൾ, ഡീസൽ വില കുറച്ചത്. പെട്രോളിനും ഡീസലിനും 18 പൈസ വീതമാണ് കുറഞ്ഞത്.
തുടർച്ചയായ ദിവസങ്ങളിൽ മാറ്റമില്ലാതെ തുടർന്ന ഇന്ധനവിലയാണ് അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ച് കുറഞ്ഞത്. അന്താരാഷ്ട്രവിപണിയിൽ അസംസ്‌കൃത എണ്ണവില കുറഞ്ഞപ്പോൾ അത് ഇന്ത്യയിലും പ്രതിഫലിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ധനവില കുറയ്ക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് പ്രതിപക്ഷം അടക്കം നിരന്തരം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞമാസം രാജ്യത്തെ ചില പ്രദേശങ്ങളിൽ ഇന്ധനവില 100 രൂപ കടന്നിരുന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, മുംബൈ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലാണ് ഒരു ലിറ്റർ പെട്രോൾ വില 100 കടന്നത്.