ദേശീയം
പെട്രോൾ, ഡീസൽ വില ലിറ്ററിന് 2 രൂപ കുറച്ചു
രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്ക്കാര് പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ വില കുറച്ച വിവരം പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി കുറിച്ചത് ഇങ്ങനെ- “പെട്രോൾ, ഡീസൽ വിലകൾ 2 രൂപ കുറച്ചതിലൂടെ, കോടിക്കണക്കിന് വരുന്ന തന്റെ ഇന്ത്യൻ കുടുംബങ്ങളുടെ ക്ഷേമമാണ് എപ്പോഴും തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിജി ഒരിക്കൽ കൂടി തെളിയിക്കുകയാണ്’’.
പുതുക്കിയ വില മാർച്ച് 15 (വെള്ളിയാഴ്ച) രാവിലെ 6 മണി മുതൽ പ്രാബല്യത്തിൽ വരുമെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു.
“രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലകൾ പരിഷ്കരിച്ചതായി ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ (ഒഎംസി) അറിയിച്ചു. പുതിയ വിലകൾ 2024 മാർച്ച് 15, രാവിലെ ആറുമുതൽ പ്രാബല്യത്തിൽ വരും. പെട്രോൾ, ഡീസൽ വിലകൾ കുറയ്ക്കുന്നത് ഉപഭോക്താക്കളുടെ ചെലവിടൽ വർദ്ധിപ്പിക്കുകയും 58 ലക്ഷം ഹെവി ഗുഡ്സ് വാഹനങ്ങൾ, 6 കോടി കാറുകൾ, 27 കോടി ഇരുചക്ര വാഹനങ്ങൾ എന്നിവയുടെ പ്രവർത്തനച്ചെലവ് കുറയ്ക്കുകയും ചെയ്യും,” മന്ത്രാലയം എക്സിൽ കുറിച്ചു.