കേരളം
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കുട്ടികള്‍ക്ക് പ്രവേശനത്തിന് അനുമതി
വൃശ്ചികം ഒന്നായ ചൊവ്വാഴ്ച മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കുട്ടികള്‍ക്കുള്ള ചോറൂണ്, തുലാഭാരം വഴിപാടുകള്‍ പുനരാരംഭിക്കും. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് 20 മാസത്തോളമായി പത്തുവയസില്‍ താഴെയുള്ള കുട്ടികളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചിരുന്നില്ല. ഈ നിയന്ത്രണമാണ് നീക്കിയത്.
ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ് കളക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അനുമതി ലഭിച്ചത്. ചൊവ്വാഴ്ച മുതല്‍ ക്ഷേത്രത്തിലെ കോവിഡ് നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുണ്ട്.
പുലര്‍ച്ചെ അഞ്ചുമുതല്‍ പ്രഭാത ഭക്ഷണത്തോടെ പ്രസാദ ഊട്ട് ആരംഭിക്കും. അയ്യപ്പന്മാരുടെ കെട്ടുനിറ, ഓണ്‍ലൈന്‍ ബുക്ക് ചെയ്ത ഭക്തര്‍ക്ക് നാലമ്പലത്തില്‍ പ്രവേശനം, വൈകീട്ട് 3.30 മുതല്‍ ദര്‍ശനം എന്നിവയും തുടങ്ങും.
ശബരിമല തീര്‍ഥാടകരെ ഓണ്‍ലൈന്‍ ബുക്കിംഗ് ഇല്ലാതെ പ്രവേശിപ്പിക്കും. ക്ഷേത്രത്തില്‍ ഏകാദശി വിളക്കുകള്‍ തിങ്കളാഴ്ച ആരംഭിക്കും. ഡിസംബര്‍ 14നാണ് ഏകാദശി.