കേരളം
പി സി ചാക്കോ എൽഡിഎഫിലേക്ക്
കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് പി സി ചാക്കോ എൽഡിഎഫിലേക്ക്. ചാക്കോ എൻസിപിയിൽ അംഗത്വം സ്വീകരിച്ചു. എൽഡിഎഫുമായി സഹകരിച്ചാകും ഇനി പി സി ചാക്കോ പ്രവർത്തിക്കുകയെന്നും, അദ്ദേഹത്തിന് മുന്നണിയിലേക്ക് സ്വാഗതമെന്നും സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ദില്ലിയിൽ പറഞ്ഞു. ദില്ലിയിലെ എകെജി ഭവനിലെത്തി, ചാക്കോ യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കാലങ്ങൾക്ക് ശേഷം എൽഡിഎഫ് പാളയത്തിലെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് യെച്ചൂരിക്കൊപ്പം നടത്തിയ സംയുക്തവാർത്താ സമ്മേളനത്തിൽ പി സി ചാക്കോ പറഞ്ഞു.
ചാക്കോയുടെ പഴയ പാർട്ടി എൻസിപി ദേശീയനേതാവായി മടങ്ങാമെന്ന് പറഞ്ഞ് സ്വാഗതം ചെയ്തതോടെയാണ് അദ്ദേഹം പഴയ പാളയത്തിലേക്ക് തിരികെപ്പോകാൻ തീരുമാനിച്ചത്. ബിജെപിയിലേക്ക് ചാക്കോ പോയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും, കോൺഗ്രസ് വിടുകയാണെന്ന് പ്രഖ്യാപിക്കുന്ന വാർത്താസമ്മേളനത്തിൽത്തന്നെ അത്തരം എല്ലാ സാധ്യതകളും ചാക്കോ എഴുതിത്തള്ളിയതാണ്. കെഎസ്‍യു, യൂത്ത് കോൺഗ്രസ്സുകളിലൂടെ രാഷ്ട്രീയം തുടങ്ങിയ പി സി ചാക്കോ കോൺഗ്രസ് പിളർപ്പിൽ എ കെ ആന്‍റണിക്കൊപ്പം ഇടതുചേരിയിലേക്ക് കുടിയേറിയിരുന്നതാണ്.
എൺപതുകളിൽ നായനാർ മന്ത്രിസഭയിൽ അംഗവുമായി. ആന്‍റണി കോൺഗ്രസ്സിലേക്ക് മടങ്ങിപ്പോയെങ്കിലും ചാക്കോ ശരത് പവാറിനൊപ്പം കോൺഗ്രസ്സ് എസ്സിൽ തുടർന്നു. 86-ൽ ഔറംഗാബാദിൽ നടന്ന എഐസിസിയുടെ പ്രത്യേക സമ്മേളനം വഴിയായിരുന്നു ചാക്കോയുടെ കോൺഗ്രസ്സിലേക്കുള്ള മടക്കം.കേരളത്തിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രമുഖ ഗ്രൂപ്പുകൾ പോക്കറ്റിലിട്ട് ദില്ലിക്ക് വണ്ടി കയറിയെന്ന് ആരോപിച്ചാണ് തീർത്തും അപ്രതീക്ഷിതമായി പി സി ചാക്കോയുടെ പാർട്ടി അംഗത്വവും ചുമതലകളും രാജിവച്ചത്.