കേരളം
പത്തനംതിട്ടയെ വിറപ്പിച്ച് മഴ: മൂന്നിടത്ത് ഉരുള്‍പൊട്ടല്‍
പത്തനംതിട്ടയിലെ മലയോര മേഖലയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടിയതായി വിവരം. ആങ്ങമൂഴി തേവര്‍മല വനത്തിലും കുറവന്‍മൂഴി വനത്തിനുള്ളിലും ഉരുള്‍പൊട്ടി. കോന്നിയില്‍ ഒരിമണിക്കൂറിനിടെ 7.4 മില്ലീമീറ്റര്‍ മഴ പെയ്തു.
കോട്ടമണ്‍പാറയില്‍ കാര്‍ വെള്ളത്തില്‍ ഒലിച്ചുപോയി. ലക്ഷമീഭവനില്‍ സഞ്ജയന്റെ കാറാണ് ഒലിച്ചുപോയത്. എരുമേലിയില്‍ ചെമ്പകപ്പാറ എസ്റ്റേറ്റ് പാറമടയിലെ തടയണ തകര്‍ന്നു. ചരള ഭാഗത്തേക്ക് വെള്ളം കുതിച്ചൊഴുകി. കക്കാട്ടാറില്‍ കനത്ത വെള്ളപ്പാച്ചിലാണ് അനുഭവപ്പെടുന്നത്. റാന്നി കുമ്പമൂഴി വനംകുടന്ത വെള്ളച്ചാട്ടത്തിന് സമീപവും കുത്തൊഴുക്കുണ്ട്.
പമ്പ, മണിമലയാര്‍, അച്ചന്‍കോവിലാര്‍ എന്നിവയുടെ തീരങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ക്യാമ്പുകളിലേക്കും, സുരക്ഷിത ഇടങ്ങളിലേക്കും മാറേണ്ടതാണ്. ക്യാമ്പുകളിലുള്ളവര്‍ വീടുകളിലേക്ക് മടങ്ങരുത്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരും ക്യാമ്പുകളിലേക്ക് മാറേണ്ടതാണ്.
‘ജില്ലയുടെ പല ഭാഗങ്ങളിലും അതിശക്തമായ മഴയുണ്ട്. വനമേഖലയില്‍ ഉരുള്‍ പൊട്ടലുകള്‍ ഉണ്ടായതായി വിവരം ലഭിക്കുന്നു. ആങ്ങമൂഴി കോട്ടമണ്‍ പാറയിലും , പ്ലാപ്പള്ളി ഭാഗത്ത് വനത്തിലും ഉരുള്‍ പൊട്ടല്‍ ഉണ്ടായി. ഉരുള്‍ പൊട്ടലില്‍ കോട്ടമണ്‍ പാറയില്‍ വീട് തകര്‍ന്നു. ഉരുള്‍ പൊട്ടലില്‍ ഉണ്ടായ വെള്ള പാച്ചിലില്‍ വണ്ടികള്‍ ഒഴുകി പോയതായി റിപ്പോര്‍ട്ടുണ്ട്. ആളപായം ഒരിടത്തുമില്ല. കോന്നി താലൂക്കില്‍ കഴിഞ്ഞ രണ്ടു മണിക്കൂറില്‍ 7.4 സെന്റിമീറ്റര്‍ മഴ പെയ്തു. ഇപ്പോഴും മഴ തുടരുകയാണ്.’-മന്ത്രി വ്യക്തമാക്കി.