കേരളം
നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നലെ സൗദി എയര്‍ലൈന്‍സില്‍ നിന്ന് ഇറക്കിവിട്ട യാത്രക്കാര്‍ക്ക് ആശ്വാസം
നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നലെ സൗദി എയര്‍ലൈന്‍സില്‍ നിന്ന് ഇറക്കിവിട്ട യാത്രക്കാര്‍ക്ക് ആശ്വാസം. 122 പേരില്‍ 20 പേരെ ഇന്ന് രാത്രി 8.30 ന്ന് പുറപ്പെടുന്ന സൗദിഎയര്‍ലൈന്‍സ് വിമാനത്തില്‍ യാത്രയാക്കും. അതേസമയം കണക്ഷന്‍ ഫ്ളൈറ്റ് മിസ്സായി റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികളുടെ ലണ്ടന്‍ യാത്രയില്‍ അനിശ്ചിതത്വം തുടരുകയാണ്.
ഇന്നലെ രാത്രി പ്രധാന വാതിലിന് തകരാര്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു റിയാദിലേക്കുള്ള 122 യാത്രക്കാരെ സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടത്. ഇവരെ ഹോട്ടലിലേക്ക് മാറ്റി ബാക്കി ഉള്ളവരുമായി വിമാനം യാത്ര തിരിക്കുകയും ചെയ്തു. 122 പേരുടെ യാത്രയില്‍ അനിശ്ചിതത്വം തുടരുന്നതിനിടെണ് ഇന്നും നാളെയുമായി ഇവരെ വിവിധ വിമാനങ്ങളില്‍ റിയാദില്‍ എത്തിക്കുമെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചത്.
സംഘത്തിലെ 20 പേരെ ഇന്ന് രാത്രി 8.30 ന്ന് പുറപ്പെടുന്ന സൗദിഎയര്‍ലൈന്‍സ് വിമാനത്തില്‍ യാത്രയാക്കും. മറ്റുള്ളവരെ സീറ്റ് ലഭ്യത അനുസരിച്ച് ഇന്നും നാളെയുമായി അയക്കും. ഇന്നലെ 8.25 ന്ന് പുറപ്പെടേണ്ടതായിരുന്നു വിമാനം. വൈകി 12.30 ന്നാണ് പുറപ്പെടാനായത്. ഇതോടെ ലണ്ടനിലേക്കുള്ള കണക്ഷന്‍ ഫ്‌ലൈറ്റ് മിസ്സായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങി. താമസസൗകര്യം ഒരുക്കാത്തതിനാല്‍ വിശ്രമമുറിയില്‍ തുടരേണ്ട അവസ്ഥയാണെന്നു വിദ്യാര്‍ത്ഥികള്‍ പറയുന്നു.
എണ്‍പതോളം മലയാളികളാണ് കണക്ഷന്‍ ഫ്ളൈറ്റ് മിസ്സായി റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഇവരുടെ തുടര്‍ യാത്ര അനിശ്ചിതത്വത്തില്‍ തുടരുകയാണ്.