കേരളം
ഇരട്ട വോട്ട് കോൺഗ്രസിന് കുരുക്കാകുന്നു ; പത്മജ വേണുഗോപാലിനും മകനും ഇരട്ടവോട്ട്
ഇരട്ട വോട്ടിൽ കുരുങ്ങി കോൺഗ്രസ് നേതാക്കൾ. ചെന്നിത്തലയ്ക്ക് പുറമെ തൃശ്ശൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പത്മജ വേണുഗോപാലിനും മകനും ഇരട്ടവോട്ട് ഉള്ളതായി കണ്ടെത്തി. തൃക്കാക്കരയിലും തൃശ്ശൂരിലുമാണ് പത്മജയുടെ പേര് ഉള്ളത്. തൃശ്ശൂരിലെ 29 -ാം നമ്പർ ബൂത്തായ ഹരിശ്രീ വിദ്യാനിധി സ്കൂൾ 29എ പോളിങ് സ്റ്റേഷനിലും, തൃക്കാക്കരയിലെ പനമ്പിള്ളി നഗർ 106 ാം നമ്പർ ബൂത്തായ ഗവ. എച്ച്എസ്എസിലുമാണ് പത്മജയ്ക്ക് വോട്ടുള്ളത്.
മകൻ കരുൺ മേനോനും ഇതേ ബൂത്തുകളിൽ വോട്ടുണ്ട്. രണ്ടിടത്തെയും വോട്ടർ ഐ.ഡി നമ്പരുകൾ വ്യത്യസ്തമാണെന്നതാണ് ഇതിൽ ഏറെ ഗൗരവതരം. IDZ1713015 ആണ് പത്മജയുടെ തൃശ്ശൂർ മണ്ഡലത്തിലെ വോട്ടർ ഐ.ഡി നമ്പർ, തൃക്കാക്കരയിലേത് BXD1663863 ഉം ആണ്. കരുണിന്റേത് തൃശ്ശൂരിൽ IDZ1735927 ഉം, തൃക്കാക്കരയിൽ BXD1663871 നമ്പർ വോട്ടർ ഐ.ഡികളാണ്.
വോട്ട് താമസസ്ഥലത്തെ മണ്ഡലത്തിലേക്ക് മാറ്റുകയല്ല ചെയ്തിരിക്കുന്നത്. പുതിയ വോട്ടറായി പേര് ചേർക്കുകയാണ് ചെയ്തത്. അതുകൊണ്ടാണ് വ്യത്യസതമായ ഐ.ഡി നമ്പറുകളും വന്നിരിക്കുന്നത്. നിലവിൽ തൃക്കാക്കര മണ്ഡലത്തിൽ വോട്ടുള്ള കാര്യം ഒളിച്ചുവെച്ച് തശൂരിൽ വോട്ടു ചേർക്കുകയായിരുന്നുവെന്ന് വ്യക്തം. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഹരിപ്പാട്, ചെങ്ങന്നൂർ മണ്ഡലങ്ങളിൽ വോട്ടുള്ളതായി തെളിഞ്ഞു.