Connect with us

ടൂറിസം വികസനം; സന്തോഷ് ജോർജ് കുളങ്ങരയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി പി.എ. മുഹമ്മദ് റിയാസ്

Kerala

സന്തോഷ് ജോർജ് കുളങ്ങരയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഒരുകാലത്ത് കേരളത്തിന്റെ തീരമണഞ്ഞ്, ഇവിടുത്തെ പ്രകൃതി മനോഹാരിതയും പച്ചപ്പും ആസ്വദിക്കാനും വേണ്ടി വിമാനമിറങ്ങുന്ന വിദേശികൾ നമ്മുടെ അഭിമാനമായിരുന്നു. കണ്ണിനും മനസ്സിനും കുളിർമ്മ തേടി അവരെത്തുന്നത് നമ്മുടെ മണ്ണിലേക്കാണല്ലോ എന്ന് ഓരോ മലയാളിയും അഭിമാനിച്ചു. എന്നാൽ കോവിഡ് അടച്ചുകെട്ടിയ ആകാശയാത്രയും സ്വതന്ത്ര സഞ്ചാരവുമെല്ലാം, അവരുടെ ഇങ്ങോട്ടുള്ള വരവിനു വിരാമമിട്ടു. ഒപ്പം തന്നെ ടൂറിസം മേഖലയും തകിടം മറിഞ്ഞു. ഭാവി എന്തെന്ന ചോദ്യചിഹ്നമായി മാറിയ ടൂറിസം മേഖലയെ കൈപിടിച്ചുയർത്തേണ്ടത് അനിവാര്യമായിരിക്കുന്നു.

ഇതിനു വേണ്ടി അഭിപ്രായം ശേഖരിക്കാൻ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ലോകസഞ്ചാരിയും മാധ്യമപ്രവർത്തകനുമായ സന്തോഷ് ജോർജ് കുളങ്ങരയുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ ചർച്ചയാവുകയാണ്. ഈ മേഖലയിലുള്ള പലരുമായി ചർച്ച നടത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കേൾവിക്കാരനാവാനാണ് താൽപ്പര്യം, അതിനാൽ, സന്തോഷ് ജോർജ് കുളങ്ങര പറയുന്നത് കേൾക്കാൻ തയ്യാറായാണ് മന്ത്രി ഇരുന്നത്. തന്നെ സംബന്ധിച്ചെടുത്തോളം ഒരു മന്ത്രി നേരിട്ട് വന്ന് ഇത്തരം കാര്യങ്ങളിൽ അഭിപ്രായം ചോദിക്കുന്നത് ഒരു ചെറിയ കാര്യമായി തോന്നുന്നില്ലെന്ന് സന്തോഷ് ജോർജ് കുളങ്ങര പ്രതികരിച്ചു.

താൻ ഓരോ രാജ്യവും സന്ദർശിക്കുന്നത് തുറന്ന മനസ്സോടു കൂടിയാണ്. അവിടെ നിന്ന് പഠിക്കാനുള്ള കാര്യങ്ങളിൽ ലക്ഷ്യം വെച്ചായിരിക്കും ഓരോ യാത്രയും. വിമർശിക്കാനല്ല, പഠിക്കാനാണ് താൻ സമയം ചിലവിടുന്നത്. കേരള സമൂഹത്തിലേക്കും അത്തരം അറിവുകൾ പങ്കുവെക്കാനും കൂടി വേണ്ടിയാണ്. കേരളത്തിന്റെ വിനോദസഞ്ചാര മേഖല പൈതൃക വ്യവസായമാണ്. തന്റെ അനുഭവങ്ങളും മറ്റും വിനോദ സഞ്ചാര മേഖലയ്ക്ക് ഉതകുമെന്ന പ്രതീക്ഷ പങ്കിട്ട അദ്ദേഹം, അവയെല്ലാം പൂർണമായും ഒരു പരിഹാരം എന്ന നിലയിൽ കാണുന്നുമില്ല.

പത്ത് അല്ലെങ്കിൽ 20 കൊല്ലം കഴിഞ്ഞുള്ള കേരള ടൂറിസം എന്ന ബ്രാൻഡ് എവിടെ നിൽക്കുമെന്ന ദീർഘവീക്ഷണത്തോടെയാണ് സന്തോഷ് ജോർജ് കുളങ്ങര സംസാരിച്ചുതുടങ്ങിയത്. അതേസമയം മറ്റു രാജ്യങ്ങൾ എങ്ങനെയാണ് അവരുടെ വിനോദസഞ്ചാര മേഖലയുടെ പ്രതിച്ഛായ എടുത്തുകാട്ടാൻ ശ്രമിക്കുന്നത് എന്നതും കൂടെ കരുതി വേണം മുന്നോട്ടു പോകാൻ. ഇക്കാലത്ത് കേരളത്തിലെ പ്രധാന വിനോദ സഞ്ചാരികളായ പാശ്ചാത്യരുടെ മാനസികാവസ്ഥ എങ്ങനെ എന്നതുകൂടി കണക്കാക്കി വേണം നമ്മൾ കണക്കുകൂട്ടലുകൾ നടത്താൻ. കോവിഡ് ഭീതിക്ക്‌ ശേഷം സഞ്ചാരികളായ അവരുടെ യാത്രാ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടു. പായ്ക്കപ്പലിൽ ലോകം ചുറ്റാൻ ഇറങ്ങിയവരുടെ പിൻമുറക്കാരാണ് അവർ. കോവിഡ് മാറിയാൽ ഇവരുടെ ഒരു കുത്തൊഴുക്ക് പ്രതീക്ഷിക്കാമെന്ന് സന്തോഷ് ജോർജ് കുളങ്ങര.

പാശ്ചാത്യരാജ്യങ്ങളിലെ വ്യക്തികളുടെ സാമ്പത്തിക സ്രോതസ്സ് അടഞ്ഞു പോയിട്ടില്ല. സർക്കാർ അവർക്ക് പിന്തുണ നൽകുന്നു. അവിടെ അധികമാർക്കും തൊഴിൽ നഷ്ടപ്പെട്ടിട്ടില്ല. കയ്യിൽ പണം ഉണ്ട് എന്നാൽ യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലൂടെയാണ് അവർ മുന്നോട്ടു പോകുന്നത്. യാത്ര ചെയ്തു തുടങ്ങുമ്പോൾ അതിൽ എത്ര ശതമാനം പേരെ കേരളത്തിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന കാര്യമാണ് ഇനി അന്വേഷിക്കേണ്ടത്. അത്തരം സാധ്യതകളെ കരുതി വേണം പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകാനെന്ന് സന്തോഷ് ജോർജ് കുളങ്ങര അഭിപ്രായപ്പെടുന്നു.

വീഡിയോ കാണാം

https://fb.watch/v/PVe9qbpb/

citizen-kerala-whatsapp-group-invite

News Updates

National Updates

വൈറൽ വാർത്തകൾ