കേരളം
ബില്ലുകളില്‍ ഒപ്പിടാതെ വൈകിക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളി; ഗവര്‍ണര്‍ക്കെതിരെ വിമർശനവുമായി നിയമമന്ത്രി
ബില്ലുകളില്‍ ഒപ്പ് വയ്ക്കാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ നിയമമന്ത്രി പി രാജീവ്. ബില്ലുകളില്‍ ഒപ്പിടാതെ അനന്തമായി വൈകിക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ബില്ലുകള്‍ അധികകാലം പിടിച്ചുവയ്ക്കാന്‍ ഗവര്‍ണര്‍ക്കാകില്ല. ബില്‍ പാസായിക്കഴിഞ്ഞാല്‍ ആധികാരികത നിയമസഭയ്‌ക്കെന്ന് മന്ത്രി പറഞ്ഞു.
ബില്ലുകള്‍ പരിശോധിക്കാന്‍ ഗവര്‍ണര്‍ക്ക് സാവകാശം നല്‍കുകയെന്നതാണ് ആദ്യം സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. ബില്ലുകളില്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ വിശദീകരണം നല്‍കുമെന്നും പറഞ്ഞിരുന്നു. വൈകിയാലും ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടുമെന്നു തന്നെയാണ് സര്‍ക്കാര്‍ പ്രതീക്ഷ. മാത്രമല്ല ഭരണഘടന അനുസരിച്ച് ബില്ലില്‍ തീരുമാനമെടുക്കാതിരിക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ല.
വിശദമായ പരിശോധന നടത്താന്‍ ഗവര്‍ണര്‍ക്ക് സാവകാശം നല്‍കാനാണ് തീരുമാനിച്ചിരുന്നത്. ബില്ലില്‍ ഏതെങ്കിലും ഭാഗത്ത് വിശദീകരണം ആവശ്യമുണ്ടെങ്കില്‍ അതു നല്‍കും.വിഷയവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധികള്‍ സര്‍ക്കാരിന് പ്രതീക്ഷ പകരുന്നുണ്ട്. ഒപ്പിടുന്നത് അനിശ്ചിതമായി നീട്ടിക്കൊണ്ടു പോയാല്‍ രാഷ്ട്രപതിയെ സമീപിക്കും. ഇതിനൊപ്പം നിയമപരമായും നേരിടാനാണ് തീരുമാനം.