കേരളം
ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍: വേറെയും കുട്ടികളെ റാഞ്ചാൻ പദ്ധതിയിട്ടു?; രേഖകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം
ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ വേറെയും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ആസൂത്രണം നടത്തിയതായി പൊലീസ്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിച്ചതായി അന്വേഷണ സംഘം പറയുന്നു. കേസിലെ ഒന്നാം പ്രതി പത്മകുമാറിനെ ഡിഐജി നിശാന്തിനിയുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ വരെ ചോദ്യം ചെയ്തിരുന്നു.
കേസില്‍ അറസ്റ്റിലായ അനുപമയുടെ ബുക്കില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്. ഇതില്‍ വ്യക്തത വരുത്തുന്നതിനായി അനുപമയെയും അമ്മ അനിതകുമാരിയെയും വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
പൊലീസിന്റെ ചോദ്യം ചെയ്യലിനോട് പത്മകുമാര്‍ വേണ്ടത്ര സഹകരിക്കുന്നില്ലെന്നാണ് സൂചന. സാമ്പത്തിക ഇടപാടു സംബന്ധിച്ച കാര്യങ്ങളില്‍ ഇതുവരെ വ്യക്തത പൊലീസിന് ലഭിച്ചിട്ടില്ല. പത്മകുമാറിനെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലും അനിതയെയും അനുപമയെയും ക്രൈംബ്രാഞ്ച് ഓഫീസിലുമാണ് ചോദ്യം ചെയ്യുന്നത്.