കേരളം
ഓണക്കിറ്റില്‍ ക്രീം ബിസ്‌കറ്റില്ല; അധിക ബാധ്യതയെന്ന് മുഖ്യമന്ത്രി
റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഓണക്കിറ്റില്‍ കുട്ടികള്‍ക്കുള്ള ക്രീം ബിസ്‌കറ്റ് ഉണ്ടാകില്ല. പൊടിഞ്ഞു പോകാന്‍ ഇടയുള്ളതിനാലാണ് ഒഴിവാക്കിയതെന്നാണ് വിശദീകരണം. പകരം എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ തീരുമാനമില്ല. കിറ്റില്‍ കുട്ടികള്‍ക്കായി മിഠായിപ്പൊതി നല്‍കാനാണ് ആദ്യം ആലോചിച്ചത്. എന്നാല്‍ ചോക്‌ലേറ്റ് അലിഞ്ഞു പോകുമെന്ന് വിലയിരുത്തിയാണ് പകരം ക്രീം ബിസ്‌കറ്റ് നല്‍കാന്‍ ആലോചിച്ചത്.
അതേസമയം ക്രീം ബിസ്‌കറ്റ് ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തുന്നത് അധിക ബാധ്യതയാകുമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ നിരാകരിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്. 90 ലക്ഷം കിറ്റുകളില്‍ ബിസ്‌കറ്റ് ഉള്‍പ്പെടുത്തുന്നത് സംസ്ഥാന സര്‍ക്കാരിന് 22 കോടിയുടെ അധികബാദ്ധ്യതയുണ്ടാക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇത് ചൂണ്ടിക്കാട്ടിയാണ് ഭക്ഷ്യവകുപ്പിന്റെ നിര്‍ദേശം മുഖ്യമന്ത്രി തള്ളിയത്.
90 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കുള്ള ഓണകിറ്റിന് 592 കോടിയാണ് മൊത്തം ചെലവ് വരിക. ബിസ്‌കറ്റ് ഒഴിവാക്കിയതിലൂടെ ഇത് 570 കോടിയായി കുറയും. മുന്‍നിര കമ്പനിയുടെ പാക്കറ്റിന് 30 രൂപ വിലവരുന്ന ബിസ്‌കറ്റ് ആണ് ഭക്ഷ്യവകുപ്പ് തെരഞ്ഞെടുത്തത്. ഇത് പാക്കറ്റ് ഒന്നിന് 22 രൂപയ്ക്ക് നല്‍കാമെന്ന് കമ്പനി സര്‍ക്കാരിനെ അറിയിച്ചിരുന്നു.
ബിസ്‌കറ്റ് ഉള്‍പ്പെടെ 17 ഇനങ്ങള്‍ അടങ്ങിയ ഓണക്കിറ്റ് നല്‍കുമെന്നാണ് ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നത്. ക്രീം ബിസ്‌കറ്റ് ഒഴിവാക്കിയതോടെ ഈ വര്‍ഷം ഓണത്തിന് 16 ഇനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റാണ് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുക. പായസത്തിനുള്ള വിഭവങ്ങളും ശര്‍ക്കരവരട്ടിയും കിറ്റില്‍ നിലനിര്‍ത്തിയിട്ടുണ്ട്. തുണി സഞ്ചി ഉള്‍പ്പെടെ 16 ഇനങ്ങളുള്ള സ്‌പെഷല്‍ കിറ്റ് ഓഗസ്റ്റ് ഒന്നു മുതല്‍ വിതരണം ചെയ്യും.