കേരളം
ലഭിക്കാത്തവര്‍ക്ക് ആശങ്കവേണ്ട; ഓണക്കിറ്റ് വീട്ടിലെത്തിക്കും; വിതരണം നാളെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ജിആര്‍ അനില്‍
ഇന്നും നാളെയും കൊണ്ട് ഓണക്കിറ്റ് വിതരണം പൂര്‍ത്തിയാക്കുമെന്ന് ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി ജിആര്‍ അനില്‍.അവസാനത്തെ ആളും വാങ്ങുന്നവരെ റേഷന്‍ കട പ്രവര്‍ത്തിക്കും. കിറ്റ് തീര്‍ന്നുപോയാല്‍ വാങ്ങാനെത്തുന്നവരുടെ നമ്പര്‍ വാങ്ങി വീട്ടിലെത്തിക്കും. ഇ പോസ് തകരാര്‍ കിറ്റ് വിതരണത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ല.ഒരാശങ്കയും വേണ്ട. കിറ്റ് വിതരണം നൂറ് ശതമാനം ഓണക്കിറ്റ് വിതരണവും പൂര്‍ത്തിയാക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മൂന്ന ലക്ഷത്തോളം കിറ്റുകള്‍ ഇന്നലെത്തന്നെ എത്തിച്ചിട്ടുണ്ട്. നാളത്തോടുകൂടി വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഓണക്കിറ്റുകള്‍ വിതരണം ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. ഇതുവരെ ഏതാണ്ട് ഒരു ലക്ഷത്തോളം ഓണക്കിറ്റുകള്‍ മാത്രമാണ് വിതരണം ചെയ്തത്.
ഇന്നലെ ഉച്ചയോടെ മുഴുവന്‍ കിറ്റുകളും റേഷന്‍ കടകളില്‍ എത്തിക്കും എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും, പായസം മിക്സും കറിപ്പൊടികളും എത്താത്തത് പ്രതിസന്ധിയായിരുന്നു.
മില്‍മയില്‍ നിന്ന് ലഭിച്ച സാധനങ്ങള്‍ കിറ്റില്‍ ഉള്‍പ്പെടുത്തി റേഷന്‍ കടകളില്‍ ഉടന്‍ എത്തിക്കും. പായസം മിക്സിന് ക്ഷാമം ഉണ്ടെങ്കില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് മറ്റ് ബ്രാന്‍ഡുകള്‍ വാങ്ങാനാണ് തീരുമാനം. സംസ്ഥാനത്താകെ 5,87,691 മഞ്ഞക്കാര്‍ഡ് ഉപഭോക്താക്കള്‍ക്കാണ് കിറ്റ് നല്‍കേണ്ടത്. ഇന്ന് ഉച്ചയോടെ മുഴുവന്‍ കിറ്റുകളും റേഷന്‍ കടകളില്‍ എത്തിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്.