കേരളം
നഴ്‌സിങ് അധ്യാപകർക്ക് യു.ജി.സി. നിരക്കിൽ ശമ്പളം നൽകണമെന്ന് നഴ്‌സിങ് കൗൺസിൽ
സ്വാശ്രയ നഴ്‌സിങ് കോളേജുകളിലെ അധ്യാപർക്ക് യു.ജി.സി. നിരക്കിൽ ശമ്പളം നൽകണമെന്ന് നഴ്‌സിങ് കൗൺസിൽ. ഇന്ത്യൻ കൗൺസിലിന്റെ നിർദേശാനുസരണം സംസ്ഥാന കൗൺസിൽ ഇതുസംബന്ധിച്ച് എല്ലാ പ്രിൻസിപ്പൽമാർക്കും കത്ത് നൽകി.
കോളേജ് നടത്തിപ്പുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളിൽത്തന്നെ അധ്യാപകർക്ക് യു.ജി.സി. നിരക്കിൽ ശമ്പളം നൽകണമെന്ന് ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മാനേജ്‌മെന്റുകൾ അത് പാലിക്കുന്നില്ലെന്ന് കണ്ടതിനെത്തുടർന്നാണ് നിലപാട് കടുപ്പിക്കുന്നത്. അധ്യാപകർക്ക് സംസ്ഥാന സർക്കാർ നിശ്ചയിച്ചതോ, യു.ജി.സി. നിരക്കിലോ ശമ്പളം നൽകണമെന്നാണ് കോഴ്‌സുകൾക്ക് അനുമതി നൽകുന്നതിന് ഇന്ത്യൻ നഴ്‌സിങ് കൗൺസിൽവെച്ചിട്ടുള്ള നിബന്ധന. ചില സ്വാശ്രയ കോളേജുകളിൽ നഴ്‌സുമാർക്ക് നൽകുന്ന അതേശമ്പളമാണ് നഴ്‌സിങ് അധ്യാപകർക്കും നൽകുന്നത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കൗൺസിലിന്റെ പരിശോധനയിൽത്തന്നെ കണ്ടെത്തിയിരുന്നു.
യു.ജി.സി. നിരക്കിൽ 57,700 രൂപയാണ് തുടക്കക്കാരായ അധ്യാപകരുടെ അടിസ്ഥാന ശമ്പളം. ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കീഴിൽ വരുന്ന നഴ്‌സിങ് സ്കൂളുകളിൽ 8000-12,000 രൂപവരെയാണ് ചില കോളേജുകൾ നൽകുന്നതെന്നും കൗൺസിൽ കണ്ടെത്തിയിട്ടുണ്ട്. 35,700-75,600 വരെയാണ് ആരോഗ്യവകുപ്പ് ഡയറക്ടർ ബി.എസ്‌സി. നഴ്‌സിങ് യോഗ്യതയുള്ള നഴ്‌സിങ് ട്യൂട്ടർമാർക്ക് നിശ്ചയിച്ച ശമ്പളസ്കെയിൽ.
കൂടുതൽ ശമ്പളം നൽകുന്നതായി രേഖ സമർപ്പിച്ചാണ് മാനേജ്‌മെന്റുകൾ കൗൺസിൽ നിബന്ധന മറികടക്കുന്നത്. കൗൺസിൽ നിർദേശം സംബന്ധിച്ച് മാനേജ്‌മെന്റ് അസോസിയേഷൻ പ്രതികരിച്ചിട്ടില്ല.