പ്രവാസി വാർത്തകൾ
പ്രവാസികള്‍ക്ക് നാട്ടിലെത്തിയാല്‍ ഉടന്‍ ആധാറിന് അപേക്ഷിക്കാം
ആധാറിന് അപേക്ഷിക്കുന്നതിന് പ്രവാസികള്‍ക്ക് ഇളവ് അനുവദിച്ച് യുഐഡിഎഐ. പ്രവാസികള്‍ക്ക് നാട്ടിലെത്തിയാല്‍ ഉടന്‍ തന്നെ ആധാറിന് അപേക്ഷിക്കാമെന്ന് യുഐഡിഎഐ ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ ആധാറിന് അപേക്ഷിക്കാന്‍ നാട്ടിലെത്തി 182 ദിവസം പ്രവാസികള്‍ കാത്തിരിക്കണം. ഇതിലാണ് ഇളവ് അനുവദിച്ചത്. ഇനിമുതല്‍ നാട്ടിലെത്തിയാല്‍ ഉടന്‍ തന്നെ ആധാറിനായി അപേക്ഷിക്കാം.
2020 മെയില്‍ പ്രവാസികള്‍ക്ക് ആധാര്‍ എടുക്കുന്നതിനുള്ള നിബന്ധനയില്‍ ഇളവ് അനുവദിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചിരുന്നു. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള പ്രവാസികള്‍ക്ക് നാട്ടിലെത്തിയാല്‍ ഉടന്‍ തന്നെ ആധാറിന് അപേക്ഷിക്കാന്‍ സാധിക്കുന്നവിധം വ്യവസ്ഥയില്‍ ഇളവ് വരുത്തുമെന്നാണ് മന്ത്രി നിര്‍ദേശിച്ചത്.
നാട്ടിലെത്തുന്ന പ്രവാസിക്ക് തൊട്ടടുത്തുള്ള ആധാര്‍ എന്റോള്‍മെന്റ് സെന്ററില്‍ പോയി ആധാറിന് അപേക്ഷിക്കാം. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് അപേക്ഷിക്കാം എന്നതാണ് ട്വീറ്റിലെ ഉള്ളടക്കം.