Kerala
ലാവ്ലിൻ കേസ്; സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കാൻ സാധ്യതയില്ല


സിപിഎം നേതാവും കേരളാ മുഖ്യമന്ത്രിയുമായ പിണറായി വിജയനടക്കം മൂന്ന് പേരെ ലാവ്ലിൻ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരായ ഹർജി ചൊവ്വാഴ്ച പരിഗണിക്കാൻ സാധ്യതയില്ല. ഭരണഘടന ബെഞ്ച് സിറ്റിംഗ് ഇല്ലെങ്കിൽ മാത്രമേ ലാവ്ലിൻ ഉൾപ്പെടെയുള്ള ഹർജികൾ പരിഗണിക്കുകയുള്ളൂവെന്ന് സുപ്രീംകോടതി അറിയിപ്പിലൂടെ വ്യക്തമാക്കി. ഇതിനോടകം മുപ്പതിലേറെ തവണ ലാവ്ലിൻ കേസ് മാറ്റിവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം സെപ്റ്റംബർ 13 ലേക്ക് പരിഗണിക്കാൻ മാറ്റുമ്പോൾ തന്നെ ലാവലിൻ കേസ് ഇനി മാറ്റിവെക്കാൻ ഇടയാകരുതെന്ന് ചീഫ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് പരിഗണിക്കുന്നവയുടെ ലിസ്റ്റിൽ രണ്ടാമതായി ലാവ്ലിൻ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഭരണഘടന ബെഞ്ച് കേസുകൾ പൂർത്തികരിച്ചാൽ മാത്രമേ ഈ കേസുകൾ പരിഗണിക്കുവെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസിൽ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് നാല് വർഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹർജികൾ പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഹർജി നിരന്തരം മാറി പോകുന്നെന്ന് കക്ഷി ചേർന്ന ടിപി നന്ദകുമാറിൻറെ അഭിഭാഷക എം.കെ അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് കോടതി ഇനി മാറ്റരുതെന്ന പുതിയ നിർദേശം നൽകിയത്. ഇത് സംബന്ധിച്ച ഉത്തരവും കോടതി ഇറക്കിയിട്ടുണ്ട്.
പിണാറായി വിജയൻ, മുൻ ഊർജ്ജവകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രൻ, ഊർജ്ജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സി.ബി.ഐ സുപ്രീം കോടതിയിൽ എത്തിയത്. നേരത്തെ കേസ് പരിഗണിച്ച കോടതി കെ ജി രാജശേഖരൻ നായർ, മുൻ ബോർഡ് ചെയർമാൻ ആർ. ശിവദാസൻ, ജനറേഷൻ വിഭാഗം മുൻ ചീഫ് എൻജിനീയർ എം കസ്തൂരിരംഗ അയ്യർ എന്നിവർ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ നോട്ടീസ് അയച്ചിരുന്നു.