കേരളം
രണ്ടാം പിണറായി മന്ത്രിസഭയിൽ എല്ലാവരും പുതുമുഖങ്ങൾ..! മന്ത്രിസഭയിലും പരീക്ഷണത്തിന് സിപിഎം
മന്ത്രിസഭാ രൂപീകരണത്തിലും പരീക്ഷണത്തിനൊരുങ്ങി സിപിഎം . മന്ത്രിസഭയിൽ എല്ലാവരെയും പുതുമുഖങ്ങളാക്കാൻ സിപിഎമ്മിൽ ആലോചന. അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ശ്രദ്ധനേടിയ ശൈലജ ടീച്ചറെ മാത്രം പദവിയിൽ നിന്ന് മാറ്റണോ എന്നതിൽ തുടർ ചർച്ച നടത്തുമെന്നും വിവരമുണ്ട്.
സിപിഎം ഇത്തരത്തിലൊരു പരീക്ഷണം നടത്തുന്നതിൽ വലിയ പുതുമയൊന്നും ഇല്ല. കാരണം തോമസ് ഐസകും,ജി സുധാകരനും പോലുള്ള പ്രഗത്ഭരായ നേതാക്കളെ ഈ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ടതില്ല എന്നുപോലും പാർട്ടി തീരുമാനം എടുത്തിരുന്നു.എല്ലാ പുതുമുഖങ്ങളെന്ന തീരുമാനം നടപ്പിലായാൽ കേരള ചരിത്രത്തിൽ തന്നെ വലിയൊരു പരീക്ഷണമാകും സിപിഎം നടത്തുന്നത്.
കേരളത്തിലെ പോളിറ്റ് ബ്യൂറോ അംഗങ്ങൾ ഇത് സംബന്ധിച്ച് ചർച്ച നടത്തിയെന്നും ഇപ്പോൾ നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റും ഇക്കാര്യം ചർച്ച ചെയ്യുമെന്നുമാണ് വിവരം. തീരുമാനം നടപ്പിലായാൽ എംഎം മണി,എസി മൊയ്തീൻ,കടകംപള്ളി, ടിപി രാമകൃഷ്ണൻ എന്നിവർ ഇക്കുറി സഭയിലുണ്ടാകില്ല.
അതേസമയം നാല് മന്ത്രിമാരടക്കം ആറ് ക്യാബിനറ്റ് പദവിയുള്ള സിപിഐക്ക് ഇതിലൊന്ന് നഷ്ടമാകുമെന്നും സൂചനയുണ്ട്. കേരള കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനമോ അതിൽ കൂടുതലോ എന്നതിൽ കൂടുതൽ ചർച്ചകളും നടക്കുന്നുണ്ട്. ഒരു മന്ത്രിസ്ഥാനവും ഒരു ക്യാബിനറ്റ് പദവിയും നൽകിയേക്കുമെന്നും സൂചനയുണ്ട്.ജനതാദൾ ഗ്രൂപ്പുകൾ ലയിച്ച് ഒറ്റ പാർട്ടിയാക്കി അവർക്ക് ഒരു മന്ത്രിസ്ഥാനം നൽകുമെന്നും വിവരമുണ്ട്.