കേരളം
രണ്ടാം പിണറായി മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ക്ക് സാധ്യത ആരൊക്കേ…
പിണറായി മന്ത്രിസഭയുടെ രണ്ടാം വരവിൽ സി.പി.ഐ.എമ്മില്‍നിന്ന് എത്തുക പുതുമുഖനിരയെന്നു സൂചന. നിലവിലെ മന്ത്രിമാരില്‍ മേഴ്‌സിക്കുട്ടിയമ്മ മാത്രമേ പരാജയപ്പെട്ടിട്ടുള്ളൂവെങ്കിലും മറ്റുള്ളവരെല്ലാം പുതിയ മന്ത്രിസഭയില്‍ തുടരണമെന്നില്ല. എം.എം മണിക്കും ടി.പി രാമകൃഷ്ണനും ആരോഗ്യ പ്രശ്‌നങ്ങളുണ്ട്.
മുഖ്യമന്ത്രിയുള്‍പ്പെടെ 13 അംഗങ്ങളാകും സി.പി.ഐ.എമ്മില്‍നിന്ന് മന്ത്രിസഭയിലെത്തുക. കെ.കെ ശൈലജ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.വി ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ മന്ത്രിസഭയിലെത്തും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ പി. രാജീവ്, കെ.എന്‍ ബാലഗോപാല്‍ എന്നിവരും മന്ത്രിമാരാകും.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എച്ച് കുഞ്ഞമ്പു, സജി ചെറിയാന്‍, വി.എന്‍ വാസവന്‍, എം.ബി രാജേഷ് എന്നിവര്‍ക്കും സാധ്യത കൂടുതലാണ്. തിരുവനന്തപുരത്തുനിന്ന് കടകംപള്ളിക്ക് പകരം വി. ശിവന്‍കുട്ടി മന്ത്രിസഭയിലെത്തിയേക്കും.
വനിതകളില്‍ നിന്ന് വീണ ജോര്‍ജ്, കാനത്തില്‍ ജമീല എന്നിവരില്‍ ഒരാള്‍ക്ക് സാധ്യത കൂടുതലാണ്. കെ.ടി ജലീലിന്റെ പേര് സ്പീക്കര്‍ സ്ഥാനത്തേക്കും ഉയരുന്നുണ്ട്. വനിതാ സ്പീക്കറെ പരീക്ഷിച്ചാല്‍ വീണ ജോര്‍ജിന്റെ പേരിനാകും മുന്‍തൂക്കം. അങ്ങനെയെങ്കില്‍ വനിതകളില്‍ ശൈലജ ടീച്ചര്‍ക്ക് പുറമെ കാനത്തില്‍ ജമീലയോ ആര്‍. ബിന്ദുവോ മന്ത്രിസഭയിലെത്തും.
സി.ഐ.ടി.യു പ്രാതിനിധ്യം പരിഗണിച്ച് മലപ്പുറത്തുനിന്ന് പി. നന്ദകുമാറിന് സാധ്യതയുണ്ട്. മുതിര്‍ന്ന നേതാക്കളില്‍ പി. മമ്മിക്കുട്ടിയുടെ പേരും പരിഗണനയില്‍ വന്നേക്കും. മലപ്പുറം പ്രാതിനിധ്യമായി വി.അബ്ദുറഹ്മാന്റെ പേരും ഉയരുന്നുണ്ട്.
കെ.കെ ശൈലജ, എം.വി ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, കെ.എന്‍ ബാലഗോപാല്‍, പി. രാജീവ്, വി.എന്‍ വാസവന്‍, സജി ചെറിയാന്‍, വി. ശിവന്‍കുട്ടി, എം.ബി രാജേഷ്, എ.സി മൊയ്തീന്‍, സി.എച്ച് കുഞ്ഞമ്പു, വീണ ജോര്‍ജ്, കാനത്തില്‍ ജമീല, പി.പി ചിത്തരഞ്ജന്‍, മുഹമ്മദ് റിയാസ് അല്ലെങ്കില്‍ എ.എന്‍ ഷംസീര്‍ എന്നിവരാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ളവര്‍.