ദേശീയം
ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാതെ തന്നെ ഇനി മുതൽ ലൈസൻസ് സ്വന്തമാക്കാം
ഇനി മുതൽ ആർ. റ്റി. ഒ നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കാതെ തന്നെ അക്രഡിറ്റഡ് സെന്ററുകളിൽ നിന്ന് പരിശീലനം പൂർത്തിയാക്കുന്നവർക്ക് അവിടന്ന് തന്നെ ലൈസൻസ് സ്വന്തമാക്കാം.
ജൂലൈ 1ന് ഇത്തരം സെന്ററുകൾക്ക് ബാധകമാകുന്ന ചട്ടങ്ങൾ നിലവിൽ വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം വ്യക്തമാക്കി. 2019-ലെ മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിലെ എട്ടാം വകുപ്പാണ് അക്രഡിറ്റഡ് ഡ്രൈവേഴ്‌സ് ട്രെയിനിങ് സെന്ററുകള്‍ സംബന്ധിച്ച ചട്ടമിറക്കാന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്നത്.
ഉയര്‍ന്ന നിലവാരത്തില്‍ പരിശീലനം നല്‍കാനുള്ള സംവിധാനങ്ങള്‍ ഇത്തരം സെന്ററുകളില്‍ ഉണ്ടായിരിക്കണമെന്ന് ചട്ടത്തില്‍ പറയുന്നു. ഡ്രൈവിങ് സിമുലേറ്ററുകള്‍ (വിവിധ പ്രതലങ്ങളിലൂടെ വാഹനം ഓടിക്കുന്ന അനുഭവം കൃത്രിമമായി ലഭിക്കുന്ന സംവിധാനം), ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് എന്നിവ ഉണ്ടായിരിക്കണം.
ചെറിയ വാഹനങ്ങൾ ഓടിക്കാൻ നാലാഴ്ചത്തെ 29 മണിക്കൂർ പരിശീലനം വേണം. ഇതിൽ 21 മണിക്കൂർ പ്രായോഗിക പരിശീലനം. മീഡിയം, ഹെവി വാഹനങ്ങൾ ഓടിക്കാൻ ആറാഴ്ചത്തെ 38 മണിക്കൂർ പരിശീലനം. ഇതിൽ 16 മണിക്കൂർ തിയറിയും 22 മണിക്കൂർ പ്രാക്ടിക്കലും.
എന്നാൽ, ഇത്തരം സെന്ററുകൾ പൂർണമായും സർക്കാരിന് കീഴിലാകുമോ അതോ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകുമോ എന്നതു സംബന്ധിച്ചൊന്നും വ്യക്തത വന്നിട്ടില്ല. റോഡിലെ നിയന്ത്രണങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് രാജ്യത്ത് ഇത്രയധികം വാഹനാപകടങ്ങൾക്ക് കാരണമെന്ന് ഗതാഗതമന്ത്രാലയം ചൂണ്ടിക്കാട്ടി. ശരിയായ പരിശീലനം ലഭിച്ച ഡ്രൈവർമാരുടെ കുറവ് നേരിടുന്നുണ്ടെന്നും മന്ത്രാലയം പറഞ്ഞു.