കേരളം
ശാസ്താംകോട്ടയിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
കൊല്ലം ശാസ്താംകോട്ടയിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെടിയവിള രാജേഷ് ഭവനില്‍ രാജേഷിന്റെ ഭാര്യ ധന്യ ദാസ് ആണ് മരിച്ചത്. 21 വയസ്സായിരുന്നു.
രണ്ടു മാസം മുമ്പായിരുന്നു കുണ്ടറ പേരയം സ്വദേശിയായ ധന്യാദാസും നെടിയവിള സ്വദേശിയായ രാജേഷും തമ്മിലുള്ള വിവാഹം നടന്നത്. ധന്യ ജ്വല്ലറി ജീവനക്കാരിയാണ്. ടിപ്പര്‍ ലോറി ജോലിക്കാരനാണ് രാജേഷ്.
പുലര്‍ച്ചെ വീടിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങിയ നിലയിലാണ് ധന്യാദാസിന്റെ മൃതദേഹം കണ്ടെത്തുന്നത്. ഇരുവരും തമ്മില്‍ കഴിഞ്ഞ രാത്രി വഴക്ക് ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.
യുവതിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് രാജേഷിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആത്മഹത്യാണോ കൊലപാതകമാണോ എന്നതില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.