കേരളം
നീണ്ടകര ആശുപത്രിയിലെ ആക്രമണം; മാസ്ക് വെക്കാൻ പറഞ്ഞതിനെന്ന് കെജിഎംഒഎ
കൊല്ലം നീണ്ടകര താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് കെ ജി എം ഒ എ. മാസ്ക് വെക്കാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായത്. പ്രതികളെ പിടികൂടിയില്ലെങ്കിൽ ജില്ല മുഴുവൻ സമരം വ്യാപിപ്പിക്കുമെന്ന് കെ ജി എം ഒ എ വ്യക്തമാക്കി.
അതേസമയം ആശുപത്രിയിൽ സംഘർഷം ഉണ്ടാക്കുകയും നഴ്സിനെയും ഡോക്ടറെയും മർദ്ദിക്കുകയും ചെയ്ത യുവാക്കളെ തിരിച്ചറിഞ്ഞെന്ന് പൊലീസ് പറഞ്ഞു. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖിൽ എന്നിവരാണ് അക്രമം നടത്തിയത്. ഇവർ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്.
ഇന്നലെയാണ് നീണ്ടകര ആശുപത്രിയിൽ നഴ്സിനും ഡോക്ടർക്കും നേരെ യുവാക്കളുടെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഡ്യൂട്ടി നഴ്സ് ശ്യാമിലിയെ മെഡിസിറ്റി ആശുപത്രിയിലും , ഡോക്ടർ ഉണ്ണികൃഷ്ണനെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ചികിത്സ നിഷേധിച്ചു എന്നാരോപിച്ചായിരുന്നു യുവാക്കളുടെ ആക്രമണം. കമ്പി വടികൾ ഉപയോഗിച്ചായിരുന്നു മർദനം. സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രിയിൽ ഇന്ന് ഒപി ബഹിഷ്കരിക്കാനാണ് കെ ജി എം ഒ എ യുടെ തീരുമാനം.