National
നാഷണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിയെ ഇനി ഈയാഴ്ച ചോദ്യം ചെയ്യില്ലെന്ന് ഇഡി


നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഇനി ഈയാഴ്ച ചോദ്യം ചെയ്യില്ലെന്ന് ഇഡി. അഞ്ചു ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത്. ഇന്നലെ മാത്രം 12 മണിക്കൂർ ചോദ്യം ചെയ്തു. രാത്രി പതിനൊന്നരയോടെയാണ് രാഹുൽ ഇഡി ഓഫീസിൽ നിന്നും മടങ്ങിയത്.
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് കമ്പനിയും രാഹുൽ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും, യങ് ഇന്ത്യ ലിമിറ്റഡ് കൊൽക്കത്ത ആസ്ഥാനമായുള്ള ഡോടെക്സ് മെർക്കന്റൈസ് എന്ന കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ടാണ് ഇഡി രാഹുലിൽ നിന്നും വിവരങ്ങൾ തേടിയത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം രാഹുൽ തേടിയിട്ടുണ്ട്.
സോണിയ ഗാന്ധിയോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ആരോഗ്യ പ്രശനങ്ങൾ ഉള്ളതിനാൽ സോണിയ ഹാജരാകില്ല. പകരം സമയം നീട്ടി ചോദിക്കും. അതേസമയം പ്രതിഷേധം തുടരാൻ തന്നെയാണ് കോൺഗ്രസ് തീരുമാനം. ഇന്ന് കേരളത്തിൽ നിന്നടക്കം കൂടുതൽ നേതാക്കളും എംഎൽഎമാരും ദില്ലിയിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കും.