Connect with us

Kerala

കേരള ബ്ലാസ്റ്റേഴ്‌സ് ബസ് ഫിറ്റല്ല; ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി

Published

on

mvd-kerala-seized-kerala-blasters-football-team-bus

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ സഞ്ചരിക്കുന്ന ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. നേരത്തേ നോട്ടീസ് നൽകിയിട്ടും വാഹനം ഹാജരാക്കുകയോ, ഉടമ നേരിട്ടെത്തി വിശദീകരണം നൽകുകയോ ചെയ്തിരുന്നില്ല. തുടർന്ന് സ്ഥലത്തെത്തി ബസ് പരിശോധിച്ച ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് നടപടിയെന്ന് എറണാകുളം ആർ.ടി.ഒ.യുടെ ചുമതല വഹിക്കുന്ന മൂവാറ്റുപുഴ ആർ.ടി.ഒ. പി.എം. ഷെബീർ വ്യക്തമാക്കി.

ബ്ലാസ്റ്റേഴ്സ് ബസിന് പിറകുവശത്തെ ഒരു ടയറിൽ വലിയ വിള്ളലുണ്ട്, റിയർവ്യൂ മിറർ തകർന്ന നിലയിലാണ്, ഇതിനുപുറമേ രണ്ട് ടയറുകൾ തേഞ്ഞ് തീരാറായ സ്ഥിതിയിലാണ്, ഫസ്റ്റ് എയ്ഡ് ബോക്സിൽ ആവശ്യത്തിന് മരുന്നുകളില്ല തുടങ്ങിയ അഞ്ചുതരം നിയമ ലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന ടൂറിസ്റ്റ് ബസിനെതിരേയാണ് നടപടി.

ഹൈക്കോടതി നിർദേശപ്രകാരം ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയ കളർ കോഡ് പാലിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച ബസ് ഉടമയ്ക്ക് എറണാകുളം ആർ.ടി.ഒ. നോട്ടീസ് നൽകിയിരുന്നു. മത്സരം കഴിഞ്ഞ് താരങ്ങളെ വിട്ട ശേഷം ബസ് ഹാജരാക്കാനും നിർദേശിച്ചിരുന്നു. ബസ് ഹാജരാക്കാതെ വന്നതോടെ അധികൃതർ നേരിട്ട് എത്തി ബസിൽ വിശദപരിശോധന നടത്തിയപ്പോഴാണ് കൂടുതൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയത്.

ബസിനു പുറത്ത് ടീമിന്റെ ലോഗോയും താരങ്ങളുടെ ചിത്രവും പതിച്ചിരുന്നു. ഇതുൾപ്പെടെ മാറ്റി മോട്ടോർ വാഹന വകുപ്പ് അധികൃതരെ കാണിച്ച് ഫിറ്റ്നസ് നേടിയ ശേഷമേ ഈ ബസ് നിരത്തിലിറക്കാൻ അനുവദിക്കൂവെന്ന് അധികൃതർ പറഞ്ഞു. എറണാകുളം ആർ.ടി. ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ.ആർ. രാജേഷ്, അസി. ഇൻസ്പെക്ടർമാരായ ആർ. ചന്തു, കെ.എസ്. സനീഷ്, ഡ്രൈവർ പി.കെ. മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Advertisement
Continue Reading