കേരളം
KSRTC യുടെ മലപ്പുറം-മൂന്നാർ ആദ്യ യാത്ര ശനിയാഴ്ച മുതൽ
മലപ്പുറത്ത് നിന്നും മൂന്നാറിൽ ഇനി നമ്മുടെ സ്വന്തം ആനവണ്ടിയിൽ പോയി മടങ്ങിവരാം. അതും വെറും 1000 രൂപക്ക്. കെ.എസ്.ആർ.ടി.സിയുടെ സംസ്ഥാനത്തെ ആദ്യ ടൂറിസം എക്സ്ക്ലൂസീവ് സ്പെഷ്യൽ സർവീസിന് കൂടിയാണ് മലപ്പുറത്ത് ഈ ശനിയാഴ്ച തുടക്കമാകുന്നത്. മലപ്പുറം മൂന്നാർ സ്പെഷ്യൽ ടൂർ പാക്കേജ് സർവീസ് പ്രഖ്യാപിച്ചത് മുതൽ മലപ്പുറം ഡിപ്പോയിലെ ഫോണുകൾക്ക് വിശ്രമം ഇല്ല. അത്രമാത്രം അന്വേഷണങ്ങൾ ആണ് വരുന്നത്. ശനിയാഴ്ച ഉച്ചക്കു മൂന്നാർ ബസ്സ് പുറപെടും. രാത്രി അവിടെ കെ.എസ്.ആർ.ടി.സിയുടെ സ്ലീപ്പർ ബസുകളിൽ ഉറങ്ങാം.
രാവിലെ കെ.എസ്.ആർ.ടി.സി യുടെ സ്പെഷ്യൽ വിനോദ സഞ്ചാര ബസിൽ കാഴ്ചകൾ കാണാൻ പോകാം. ടോപ് സ്റ്റേഷൻ, എക്കോ പോയിന്റ്, മ്യൂസിയം, തേയില ഫാക്റ്ററി, കുണ്ടള തടാകം, മാട്ടുപ്പെട്ടി അണക്കെട്ട് തുടങ്ങി എല്ലാ പ്രധാന കേന്ദ്രങ്ങളും കണ്ട് ആറരയോടെ തിരികെ മൂന്നാറിലേക്ക്. രാത്രി മലപ്പുറത്തേക്കും.
ആകെ വേണ്ടത് ഒരാൾക്ക് ചെലവ് 1000 രൂപ. ഭക്ഷണത്തിനും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ടിക്കറ്റും ഇതിൽ ഉൾപ്പെടില്ല. ടൂർ പാക്കേജിന് മികച്ച പ്രതികരണം ആണ് ഇതുവരെ ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് മലപ്പുറം കെ.എസ്.ആർ.ടി.സി അധികൃതർ. ട്രിപ്പ് അനൗൺസ് ചെയ്തത് മുതൽ ആളുകൾ വിളിച്ചു കൊണ്ടിരിക്കുകയാണ്. 250 ഓളം പേർ ഇതിനോടകം താത്പര്യം അറിയിച്ചിട്ടുണ്ട്. മൂന്നാറിൽ രാത്രി താമസത്തിന് ഉള്ള സൗകര്യം അടക്കം ഒരുക്കിയാണ് പോകുന്നത്. ആദ്യ ട്രിപ്പ് ശനിയാഴ്ച പുറപ്പെടും. അടുത്ത ട്രിപ്പ് തീയതി അതിനു ശേഷം അറിയിക്കും. ആളുകൾ ബുക്ക് ചെയ്യുന്നതിന് അനുസരിച്ചാണ് യാത്രകൾ നിശ്ചയിക്കുകയെന്നും മലപ്പുറം ഡി.ടി.ഒ ജോഷി ജോൺ പറഞ്ഞു.
സൂപ്പർ ഫാസ്റ്റ്, സൂപ്പർ ഡീലക്സ്, ലോ ഫ്ളോർ എ.സി. ബസുകൾ ആണ് പാക്കേജിന് വേണ്ടി സജ്ജമാക്കിയിട്ടുള്ളത്. ആളുകളുടെ എണ്ണവും മൂന്നാറിലെ ഒരുക്കവും അനുസരിച്ച് ആകും ട്രിപ്പുകളുടെ സമയം നിശ്ചയിക്കുക.
50 പേർ ആണ് ട്രിപ്പിന് ഉള്ളതെങ്കിൽ സൂപ്പർഫാസ്റ്റ് .അതിന്റെ ടിക്കറ്റ് നിരക്ക് 100 രൂപ. സൂപ്പർ ഡീലക്സിന് 1200, എ സി ലോ ഫ്ളോറിന് 1500 രൂപ എന്നിങ്ങനെ ആണ് ടിക്കറ്റ് നിരക്ക്. ഒന്നിച്ച് ഒരു സംഘം ആയി വേണമെങ്കിൽ അങ്ങനെയും ബുക്ക് ചെയ്യാം. ഇവിടെ നിന്ന് വിട്ടാൽ പിന്നെ ഭക്ഷണം കഴിക്കാനും മറ്റ് അത്യാവശ്യങ്ങൾക്കും മാത്രമേ നിർത്തൂ. മൂന്നാറിലേക്ക് ഏറ്റവും അധികം ആളുകൾ വരുന്നത് മലപ്പുറത്ത് നിന്നാണെന്ന കണക്കിന്റെ അടിസ്ഥാനത്തിൽ ആണ് കെ.എസ് ആർ ടി സി പുതിയ പദ്ധതിയുടെ തുടക്കം ഇവിടെ നിന്ന് തന്നെ കുറിക്കുന്നത്. മലപ്പുറം-മൂന്നാർ ഹിറ്റ് ആയാൽ മറ്റ് പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂടി ഇത് പോലെ ഉള്ള ടൂർ പാക്കേജ് ട്രിപ്പുകൾ നടത്താൻ കെ.എസ്.ആർ.ടി സിക്ക് ആലോചന ഉണ്ട്.