കേരളം
കൂട്ടിക്കലിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു; ആകെ മരണം 11 ആയി
ഉരുൾപൊട്ടലുണ്ടായ കോട്ടയം മുണ്ടക്കയം കൂട്ടിക്കലിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇന്ന് 8 മൃതദേഹമാണ് കണ്ടെടുത്തത്. ഇതോടെ ആകെ മരണം 11 ആയി. മരിച്ചവരിൽ ആറ് പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കലിലെ മാർട്ടിന്റെ ഭാര്യയും മക്കളും ഉൾപ്പെടെ ആറ് പേരുടെ മൃതദേഹവും ലഭിച്ചു. മാർട്ടിൻ, അമ്മ അന്നക്കുട്ടി, മാർട്ടിന്റെ ഭാര്യ സിനി, മക്കളായ സ്നേഹ, സോന, സാന്ദ്ര എന്നിവരാണ് ദുരന്തത്തിൽ പെട്ടത്. അപകടം ഉണ്ടാകുന്ന സമയത്ത് എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു. മൂന്ന് കുട്ടികളും വിദ്യാർത്ഥികളാണ്.
ഓട്ടോ ഡ്രൈവറായ ഷാലറ്റിന്റെ മൃതദേഹവും ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു. കൂട്ടിക്കൽ വെട്ടിക്കാനത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. ഷാർലറ്റ് ഇവിടെ ഒരു പുതിയ വീട് പണിയുന്നുണ്ടായിരുന്നു, അവിടേക്ക് എത്തിയപ്പോഴാണ് ദുരന്തത്തിൽ പെട്ടത്.
പ്ലാപ്പളളിയിൽ കാണാതായ നാലു പേരുടേയും മൃതദേഹങ്ങൾ കിട്ടിയെന്ന് എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. ഇന്നലെ ഇവിടെ മൂന്ന് മൃതദേഹങ്ങൾ കിട്ടിയിരുന്നു. പന്തലാടി സരസമ്മ മോഹൻ , റോഷ്നി വേണു, ആറ്റുചാലിൽ സോണിയ ,അപ്പു എന്നിവരുടെ മൃതദേഹമാണ് പ്ലാപ്പള്ളിയിൽ നിന്ന് കണ്ടെത്തിയത്.