കേരളം
നാലിലധികം കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 2000 രൂപ; വാഗ്ദാനവുമായി പാല രൂപതക്ക് പിന്നാലെ സിറോ മലങ്കര പത്തനംതിട്ട രൂപതയും
നാലിലധികം കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുമെന്ന വാഗ്ദാനവുമായി പത്തനംതിട്ട രൂപത സര്‍ക്കുലര്‍ പുറത്തിറക്കി. രണ്ടായിരത്തിനുശേഷം വിവാഹിതരായ രൂപത അംഗങ്ങള്‍ക്കാണ് കുട്ടികളുടെ എണ്ണം കൂടുന്നതിനനുസരിച്ചുള്ള സാമ്പത്തികമടക്കമുള്ള സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിന് പുറമെ ഈ കുടുംബങ്ങള്‍ക്ക് സഭാ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ മുന്‍ഗണനയുണ്ടാകും.
നാലാമത്തെ കുഞ്ഞിന്‍റെ പ്രസവ ചെലവ് മുതല്‍ സഭ വഹിക്കും. കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ ദമ്പതികളെ ഒരുക്കുന്നതിനു വേണ്ടിയാണ് ഇത്തരം നടപടികളെന്നാണ് രൂപത അധ്യക്ഷന്‍ ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പ് പറയുന്നത്.സീറോ മലബാര്‍ സഭയുടെ പാലാ രൂപത കഴിഞ്ഞദിവസം കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് മലങ്കര കത്തോലിക്ക സഭയുടെ പത്തനംതിട്ട രൂപതയുടെ സര്‍ക്കുലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. രൂപതാധ്യക്ഷന്റെ പേരിലാണ് സര്‍ക്കുലറുള്ളത്. പത്തനംതിട്ടയില്‍ അടക്കം കുട്ടികളുടെ എണ്ണം വലിയ തോതില്‍ കുറയുകയാണ്. ജനസംഖ്യയും കുറയുകയാണ്. ഇത് ഒഴിവാക്കാന്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കുമെന്നാണ് സര്‍ക്കുലര്‍ പറയുന്നത്.
രണ്ടായിരത്തിനു ശേഷം വിവാഹിതരായ, നാലോ അതില്‍ അധികമോ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് പ്രതിമാസം 2000 രൂപ വീതം നല്‍കാന്‍ രൂപത തയ്യാറാണ്. ഇത്തരം കുടുംബങ്ങളില്‍നിന്നുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തില്‍ ഉള്‍പ്പെടെ മുന്‍ഗണന നല്‍കും. കൂടാതെ ഇത്തരം കുടുംബങ്ങളില്‍നിന്നുള്ളവര്‍ക്ക് സഭാ സ്ഥാപനങ്ങളിലും ജോലിക്കും മുന്‍ഗണന നല്‍കുമെന്നും സര്‍ക്കുലര്‍ പറയുന്നു.